വളപട്ടണം മുച്ചിലോട്ട് കാവ് കളിയാട്ട മഹോത്സവം :ഇന്ന് ഭഗവതിയുടെ തിരുമുടി നിവരും
വളപട്ടണം: വളപട്ടണം മുച്ചിലോട്ട് കാവ് കളിയാട്ട മഹോത്സവം ഇന്ന് സമാപിക്കും. 25 ന് കലവറ നിറക്കൽ ഘോഷയാത്രക്ക് ശേഷം കുഴിയടുപ്പിൽ തീപകരൽ ചടങ്ങോടെ നാലു ദിനകളിയാട്ടത്തിന് കേളികൊട്ടുയർന്നു.
ഇന്ന് പുലർച്ചെ നരമ്പിൽ ഭഗവതിയുടെ ഉറഞ്ഞാട്ടത്തിന് ശേഷം മുച്ചിലോട്ട് ഭഗവതിയുടെ കൊടിയില തോറ്റം, മേലേരി കൂട്ടൽ, പുലിയൂർ കണ്ണൻ തെയ്യവും, രാവിലെ കണ്ണങ്ങാട്ട് ഭഗവതി , വിഷ്ണുമൂർത്തി,
പുലിയൂർകാളി തെയ്യക്കോലങ്ങൾ കെട്ടിയാടും.
ഉച്ചക്ക് മേലേരി കയ്യേൽക്കൽ ചടങ്ങിന് ശേഷം മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. ഭഗവതിയുടെ തിരു നൃത്തത്തിന് ശേഷം വൈകുന്നേരം പള്ളിമാടത്തിൽ വെച്ച് ചിറക്കൽ രാജപ്രതിനിധിയുമായി ഭഗവതിയുടെ കൂടിക്കാഴ്ച നടക്കും.രാത്രി 11 മണിക്ക് തിരുമുടി ആറാടിക്കലോടെ ഈ വർഷത്തെ കളിയാട്ടം സമാപിക്കും.