ജപ്പാൻ കുടിവെള്ളപദ്ധതിയുമായി സംയോജിപ്പിച്ച് കൊളച്ചേരി ശുദ്ധജലവിതരണപദ്ധതി വിപുലപെടുത്തി കുടിവെള്ള ക്ഷാമം പരിഹരിക്കണം :-കേരളാ വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ
കണ്ണൂർ :- ജപ്പാൻ കുടിവെള്ള പദ്ധതിയുമായി(ജിക്ക) സഹകരിച്ച് കൊളചേരി ശുദ്ധജലവിതരണ പദ്ധതി വിപുലീകരിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരളാ വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (CITU) കണ്ണൂർ ജില്ലാ കമ്മിറ്റി കേരള വാട്ടർ അതോറിറ്റി കണ്ണൂർ പി എച്ച് സർക്കിൾ സൂപ്രണ്ട് എഞ്ചിനീയർക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെടുന്നു.
കണ്ണൂർ ജില്ലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന നാറാത്ത് പഞ്ചായത്തിലെ കാക്കത്തുരുത്തി, വെടിമാട്, ആലിൻകീഴ് കൊളച്ചേരി പഞ്ചായത്തിലെ പൊങ്കുത്ത്, പാമ്പുരുത്തി, കൊളച്ചേരി പറമ്പ്, നൂഞ്ഞേരി, കാരയാപ്പ് മയ്യിൽ പഞ്ചായത്തിലെ അരിമ്പ്ര,നണിയൂർ നമ്പ്രം, മുല്ലക്കൊടി, കണ്ടക്കൈ കയരളം എന്നിവിടങ്ങളിൽ ഇപ്പോൾ ആഴ്ചയിലൊരിക്കൽ എന്ന തോതിലാണ് ഇവിടെ കുടിവെള്ളം വിതരണം നടക്കുന്നത് .
2018 ജനുവരിയിൽ സെഫ് ദിനത്തിന്റെ ഭാഗമായി മേൽ പറഞ്ഞ പ്രദേശങ്ങളിലെ കുടി വെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി യൂണിയന്റെ ആഭിമുഖ്യത്തിൽ കാക്കത്തുരുത്തിയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകളും നിവേദനം നൽകുകയും ചെയ്തെങ്കിലും പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് യൂണിയൻ നിവേദനത്തിൽ കുറ്റപ്പെടുത്തുന്നു.
ശുദ്ധജല വിതരണത്തിനുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയിൽനിന്ന് പെരുവളത്തുപറമ്പ് മുതൽ പാവന്നൂർ മൊട്ട വരെ പുതിയതായി പൈപ്പ് ലൈൻ വലിച്ച് നിലവിലെ ഗ്രാവിറ്റി ലൈനിൽ ബന്ധിപ്പിച്ചാൽ മേൽ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനാവും.
ഇതിനു നടപടികൾ ബന്ധപ്പെട്ട അധികൃതർ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സമർപ്പിച്ച നിവേദനത്തിലൂടെ ആവശ്യപ്പെടുന്നു.