നാട്ടിൻപുറത്തെ എന്തും വാങ്ങുന്നതിനും വിൽക്കുന്നതിനുമായി ഇനി വാട്‌സാപ്പ് കൂട്ടായ്മ


മയ്യിൽ: നാട്ടിൻപുറത്തെ  എന്തും വാങ്ങുന്നതിനും വിൽക്കുന്നതിനുമായി ഇനി വാട്‌സാപ്പ് കൂട്ടായ്മ. മയ്യിൽ, മലപ്പട്ടം ഗ്രാമങ്ങളെ കേന്ദ്രീകരിച്ചാണ് ഓൾഇന്ത്യ റേഡിയോയുടെ സഹകരണത്തോടെ കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. കണ്ണൂർ ആകാശവാണിയുടെ കിസാൻവാണി വിഭാഗം മലപ്പട്ടം ടാഫ്‌കോസ് കർഷക സംഘടനയുമായി സഹകരിച്ച് നടത്തിയ സെമിനാറിലാണ് വിഷയം അവതരിപ്പിച്ച് ഗ്രൂപ്പിന് തുടക്കമിട്ടത്. സമാനരീതിയിൽ തൃശ്ശൂർ എരുമപ്പട്ടി, വരവൂർ, വേലൂർ പഞ്ചായത്തുകളിലെ 2500-ഓളം കർഷകരെയും സ്വയംതൊഴിൽ സംരംഭകരെയും കൂട്ടിയോജിപ്പിച്ച് നടത്തുന്ന ഡിജിറ്റൽ ചന്തയുടെ പ്രചാരകരാണ് ഇതിനായി ആശയം പങ്കുവെച്ചത്. നേരമ്പോക്കുകൾക്കും രാഷ്ട്രീയ ചർച്ചകൾക്കും മാത്രമല്ല ഉപജീവനമാർഗം സൃഷ്ടിക്കാനും വാട്‌സാപ്പ്‌ കൂട്ടായ്മയ്ക്ക് കഴിയുമെന്ന് തെളിയിച്ചവരാണ് തൃശ്ശൂരിലെ ‘സ്പന്തനം വാട്സാപ്പ് കൂട്ടായ്മ’. വീടുകളിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ വിൽക്കുന്നതിനും തൊഴിലവസരങ്ങൾ ലഭിക്കുന്നതിനും ഇടനിലക്കാരില്ലാതെ വിപണി കണ്ടെത്തുന്നതിനും വാട്‌സാപ്പ് കൂട്ടായ്മ സഹായിക്കും. സ്പന്തനം വാട്‌സാപ്പ് അഡ്‌മിൻ സുരേഷ് തെക്കേക്കര, കുട്ടഞ്ചേരി സ്വദേശി കെ.ആർ.സതീശൻ, കരിയന്നൂർ സ്വദേശി കെ.എൻ.നിഭേഷ് എന്നിവരാണ് കാർഷിക വിപണനത്തിന്റെ നൂതന രീതിയെപ്പറ്റി കർഷകരുമായി സംവദിച്ചത്. റേഡിയോ കിസാൻ ദിവസ് പരിപാടി മേയർ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. ആകാശവാണി കണ്ണൂർ നിലയം മേധാവി കെ.സി.ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം മേധാവി വി.ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി. മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പജൻ കർഷകരെ ആദരിച്ചു
Previous Post Next Post