അൺലോക്ക് നാല് ; ഇന്ന് മുതൽ നിലവിൽ വരും: രാഷ്ട്രീയ, മത, സാംസ്കാരിക, കായിക കൂട്ടായ്മകൾക്ക് അനുമതി
ഡൽഹി : അൺലോക്ക് നാല് ഇന്ന് മുതൽ നിലവിൽ വരും. അൺലോക്കിന്റെ ഭാഗമായി മെട്രോ സർവീസുകൾ ഏഴ് മുതൽ തുടങ്ങും. ഈ മാസം 21 മുതൽ രാഷ്ട്രീയ, മത, സാംസ്കാരിക, കായിക കൂട്ടായ്മകൾക്കും അനുമതി നൽകിയിട്ടുണ്ട്. പരമാവധി 100 പേരെ മാത്രമേ കൂട്ടായ്മകളിൽ അനുവദിക്കൂ. ഓപ്പൺ എയർ തിയേറ്ററുകൾ 21 മുതൽ തുറക്കാം. കണ്ടെയിൻമെന്റ് സോണിന് പുറത്ത് പ്രാദേശിക ലോക്ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അൺലോക്ക് നാലിൽ വിലക്കുണ്ട്. കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകൂ.
അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഇന്നും പ്രതിദിന വര്‍ധന എഴുപതിനായിരത്തിനടുത്തെത്തുമെന്നാണ് സൂചന. മഹാരാഷ്ട്രയിൽ പ്രതിദിന വർധനയിൽ ഇന്നലെ കുറവുണ്ട്. പതിനൊന്നായിരത്തി 853 പേരാണ് ഇന്നലെ മഹാരാഷ്ട്രയിൽ രോഗബാധിതരായത്. കഴിഞ്ഞ ദിവസങ്ങളിൽ പതിനാറായിരത്തിന് മുകളിൽ എത്തിയിരുന്നു രോഗ ബാധിതരുടെ എണ്ണം. കര്‍ണാടകത്തിൽ 6,495 പേർക്കും, തമിഴ്നാട്ടിൽ 5,956 പേർക്കും, തെലങ്കാനയിൽ 1,873 പേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദില്ലിയില്‍ കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണം ഇന്നലെ കുറവാണ്.