മയ്യിൽ :- കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ കണ്ണാടിപറമ്പ് ആറാംപീടിക - നിടുവാട്ട് റോഡിനു സമീപത്തെ കലങ്ങോത്ത് ഹൗസിൽ ഉമൈബയുടെ മൂന്നര പവൻ സ്വർണ്ണമാല കവർന്ന കേസിലെ പ്രതികളെ മയ്യിൽ പോലിസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. നാറാത്ത് ആലിൻ കീഴിൽ താമസിക്കുന്ന ചന്ദ്രൻ (48) വലിയന്നൂർ വലിയകുന്ന് കോളനിയിൽ താമസിക്കുന്ന സൂര്യ (32) എന്നീ സഹോദരങ്ങളാണ് ഇന്നലെ അറസ്റ്റിലായത്.തമിഴ്നാട് സ്വദേശികളായ ഇരുവരും ആക്രി സാധനങ്ങൾ വിറ്റ് ഏറെക്കാലമായി കേരളത്തിൽ സ്ഥിരതാമസക്കാരാണ്.
രണ്ടുപേരും അടുക്കളഭാഗത്തെ പൂട്ട് പൊളിച്ചാണ് അകത്തു പ്രവേശിച്ചത്. വീട്ടിലുണ്ടായിരുന്നവർ ശബ്ദം കേട്ട് ഞെട്ടിയുണർന്നെങ്കിലും ഈ സമയം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.വീട്ടിൽ സ്ഥാപിച്ച സി സി ടി വി ക്യാമറയിൽ പ്രതികളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതോടെ നാട്ടുകാർ സംശയം തോന്നി ഇവരെ പിടികൂടി മയ്യിൽ പോലീസിന് കൈമാറുകയായിരുന്നു.
തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയും മോഷണം നടത്തിയ സ്വർണ്ണമാല ചക്കരക്കലിലെ ജ്വല്ലറിയിൽ വില്പന ചെയ്തതായി സമ്മതിക്കുകയും ചെയ്തു.തുടർന്ന് പ്രതികളുമായി പോലിസ് ജ്വല്ലറിയിൽ എത്തി .കവർച്ച നടത്തിയ ആഭരണം ജ്വല്ലറിയിൽ നിന്നും വിറ്റുകിട്ടിയ പണത്തിൽ ഒരു ഭാഗം പ്രതികളിൽ നിന്നും കണ്ടെത്തിയതായി പോലിസ് പറഞ്ഞു. മയ്യിൽ സിഐ ഷാജി പട്ടേരി യുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്.