കോവിഡ് : ജില്ലയിൽ സ്ഥിതി അതീവ ഗൗരവതരം

ദിവസ കണക്കിൽ മുന്നൂറ് കടന്ന് കണ്ണൂർ


കണ്ണൂർ: -  ലോക്‌‌ഡൗൺ ഇളവുകളും ഓണക്കാലത്ത്‌ ജനങ്ങൾ കൂടുതലായി പുറത്തിറങ്ങിയതുമാണ്‌ കണ്ണൂരിൽ കോവിഡ്‌ കേസുകൾ കുത്തനെ ഉയർത്തിയതെന്ന്‌  കലക്ടർ ടി വി സുഭാഷ്‌. 

പ്രതിദിനം അഞ്ഞൂറിൽ കൂടുതൽ കേസുകൾ പ്രതീക്ഷിച്ചിരുന്നു. ഇതുവരെ മുന്നൂറിൽ താഴെയായി പിടിച്ചുനിർത്താൻ കഴിഞ്ഞതുതന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.  അതീവ ഗൗരവതരമാണ് സാഹചര്യങ്ങൾ. തദ്ദേശസ്ഥാപന അധ്യക്ഷന്മാരുമായി ഇക്കാര്യം ചർച്ച ചെയ്തു. മരണം കുറയ്ക്കുക, ആരോഗ്യപ്രവർത്തകർക്കിടയിലെ രോഗബാധ കുറയ്ക്കുക, സമ്പർക്കംമൂലമുള്ള രോഗബാധ നിയന്ത്രണത്തിൽ കൊണ്ടുവരിക. ഈ മൂന്നു കാര്യങ്ങൾക്കാണ്‌ ഇപ്പോൾ ഊന്നൽ നൽകുന്നത്‌.  പൊതുജനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും മതനേതാക്കളും എന്നു വേണ്ട എല്ലാവരും സ്വയം സുരക്ഷിതരാവുകയും അപരന് രോഗം പരത്താൻ ഇടവരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും വേണം.  

നിലവിൽ വീട്ടിൽ ചികിത്സയും സിഎഫ്‌എൽടിസി  ആശുപത്രികളിലെ സൗകര്യങ്ങളും തൃപ്‌തികരമാണ്‌. കാസർകോട്ടുനിന്നുള്ള രോഗികൾകൂടി വരുന്ന സാഹചര്യത്തിൽ ഗുരുതരമായ രോഗികളെ പരിചരിക്കാനുള്ള സൗകര്യം വർധിക്കണം. അല്ലെങ്കിൽ സ്ഥിതി സങ്കീർണമായേക്കാം. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിച്ചുവരുന്നതായും കലക്ടർ അറിയിച്ചു.

Previous Post Next Post