വിഷ്ണു ഭാരതീയൻ - ജന്മദിനം
06-09-1892
വടക്കേമലബാറിലെ ഒരു പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും, കമ്മ്യൂണിസ്റ്റു് നേതാവുമായിരുന്നു വിഷ്ണു ഭാരതീയൻ. 1892 സെപ്റ്റംബറിലാണ് (1067 ചിങ്ങം 23)ന് കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിലെ കൊളച്ചേരി പഞ്ചായത്തിൽ നണിയൂർ എന്ന ഗ്രാമത്തിലാണ് ആണ്ട്യംവള്ളി ഈശ്വരൻ നമ്പീശന്റെ മകനായി വിഷ്ണുഭാരതീയൻ ജനിച്ചത്. ഫലഭൂയിഷ്ഠമായ മുപ്പത്താറു പറമ്പുകൾ ഉണ്ടായിരുന്ന ജന്മി കുടുംബത്തിലായിരുന്നു ജനനം.
വിഷ്ണു ഭാരതീയൻ പേരിനു പിന്നിൽ
വിഷ്ണു നമ്പീശൻ എന്ന് യഥാർത്ഥ പേര്. 1930 ലെ ഉപ്പുനിയമലംഘനത്തിനു ആറുമാസത്തെ കഠിനതടവ്അനുഭവിച്ചു. 1931 ൽ ലണ്ടനിൽ നിന്നും വട്ടമേശ സമ്മേളനം കഴിഞ്ഞു വന്ന ഗാന്ധിജിയെ ബോംബെയിൽ വെച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കണ്ണൂർ വിളക്കുംതറ മൈതാനത്ത് ചേർന്നയോഗത്തിൽ പ്രസംഗിച്ചു അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ പേർപറയാൻ പറഞ്ഞപ്പോൾ കോടതിയോട് എന്റെ പേര് " ഭാരതീയൻ " എന്നാണ് എന്ന് പറഞ്ഞു. അപ്പോൾ ഞങ്ങളൊന്നും ഭാരതീയൻ അല്ലെ എന്ന് ജഡ്ജി തിരിച്ചു ചോദിച്ചപ്പോൾ വിഷ്ണു ഭാരതീയൻ ഉറക്കെ വിളിച്ചു പറഞ്ഞു. അല്ല നിങ്ങൾ ഭാരതീയൻ അല്ല ബ്രിട്ടീഷു സർക്കാറിനു വിടുവേല ചെയ്യുന്ന നിങ്ങളൊന്നും ഭാരതീയരല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്യുന്ന ഞാനാണ് ഭാരതീയൻ . നിങ്ങൾ ബ്രിട്ടീഷ് കാരന്റെ അടിമ മാത്രമാണ്. അന്ന് മുതൽ വിഷ്ണു നമ്പീശൻ ഭാരതീയൻ എന്നപെരിൽ അറിയപ്പെടാൻ തുടങ്ങി.കൂടെ അറസ്റ്റ് ചെയ്യപ്പെട്ട കടയപ്രത്ത് കുഞ്ഞപ്പ നമ്പ്യാർ കേരളീയൻ എന്ന് തന്റെ പേർ പറഞ്ഞു. 1940 ൽ കെ.പി.ആർ. ഗോപാലൻ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൊറാഴ കർഷകസമരത്തിലെ ഒന്നാം പ്രതി വിഷ്ണുഭാരതീയനാണ്. കർഷക സംഘത്തിന്റെ പ്രധാന സംഘാടകനായിരുന്നു. 1935-ൽ കേരളത്തിലെ ആദ്യ കർഷകസംഘത്തിനു രൂപം നൽകിയത് വിഷ്ണുഭാരതീയന്റെ നേതൃത്വത്തിലായിരുന്നു. അന്നത്തെ ചിറക്കൽ താലൂക്കിലെ കൊളച്ചേരി അംശത്തിലാണ് ജന്മിത്തത്തിന് എതിരായി കേരളത്തിൽ ആദ്യമായി കർഷകർ സംഘടിച്ച് കർഷക സംഘം രൂപീകരിച്ചത്. ജന്മിയായിരുന്ന കരുമാരത്ത് നമ്പൂതിരിപ്പാട് തദ്ദേശവാസികളുടെ നെല്ലും മറ്റു വസ്തുവകകളും കൊള്ളയടിക്കുന്നതിനെതിരെയും അനധികൃമായ ലെവി പിരിക്കുന്നതിനെതിരെയുമാണ് വിഷ്ണുഭാരതീയന്റെ നേതൃത്വത്തിൽ നണിയൂരിൽ സംഘടിച്ചത്. അദ്ദേഹത്തിന്റെ വീട്ടിൽ 28 പേർ മാത്രം പങ്കെടുത്ത ആ യോഗത്തിൽ വച്ച് അനധികൃതമായ ലെവി പിരിക്കുന്നത് നിർത്തലാക്കുന്നതിനായി പ്രവർത്തിക്കാനും കൂലി അളക്കാനായി പാടങ്ങളിൽ കൃത്യമായ അളവുപകരണങ്ങൾ ഉപയോഗിക്കുവാൻ ജന്മിയോട് ആവശ്യപ്പെടാനും ഇവർ തീരുമാനിച്ചു. ഇതിനായി 11 അംഗ പ്രവർത്തകസമിതി രൂപീകരിക്കുകയും വിഷ്ണുഭാരതീയനെ അതിന്റെ പ്രസിഡണ്ടും കേരളീയനെ സെക്രട്ടറിയുമാക്കി കൊളച്ചേരി സംഘം എന്നൊരു സംഘടന രൂപീകരിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ചിറക്കൽ അംശത്തിനു കിഴിലുണ്ടായിരുന്ന എള്ളെരിഞ്ഞി, ബ്ലാത്തൂർ, ഊരത്തൂർ, പയ്യാവൂർ, കുറ്റൂർ, കുയിലൂർ, കരിവെള്ളൂർ എന്നിവിടങ്ങളിലും സംഘം നിലവിൽ വന്നു. . 1937 ൽ പറശിനിക്കടവിൽ വച്ച് നടന്ന കർഷക സമ്മേളനത്തിൽ എ.കെ.ജിയുടെയും കെ.പി.ഗോപാലന്റെയും വിഷ്ണുഭാരതീയന്റെയും സാന്നിധ്യത്തിൽ അഖില മലബാർ കർഷക സംഘം രൂപം കൊണ്ടു. 1981 ൽ അന്തരിച്ചു.
ജീവിതം
മഴയത്ത് ചോർന്നൊലിക്കുന്ന ഭാരതീയ മന്ദിരം എന്ന വീടിനകത്ത് സ്വന്തം ഉടുമുണ്ടുകൊണ്ട് ഭാര്യയുടെയും മക്കളുടെയും ശീതം മാറ്റാൻ പാടുപെട്ടതായി ഡയറിക്കുറിപ്പുകളിൽ എഴുതപ്പെട്ടിട്ടുണ്ട്..ദാരിദ്ര്യവും,രോഗങ്ങളും,കഷ്ടപ്പാടും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ അവസാന കാലത്തെ ജീവിതം .മതിയായ ചികിത്സ നൽകാൻ പണമില്ലാത്തതിനാൽ മകളെ മരണത്തിനു വിട്ടു കൊടുക്കേണ്ടി വന്ന,മക്കളുടെ പട്ടിണി മാറ്റാൻ ഗതിയില്ലാതെ നിന്നപ്പോഴും ലജ്ജമൂലം കടം ചോദിക്കാൻ അറച്ചു നിന്ന ഒരു പിതാവിന്റെ നിസ്സഹായാവസ്ഥ അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിൽ കാണാം .വിഷ്ണു ഭാരതീയൻ തൻറെ ആത്മകഥ അടിമകൾ എങ്ങനെ ഉടമകൾ ആയി എന്ന പേരിൽ എഴുതി പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.കൊളച്ചേരിയുടെ കവി ശ്രീ.ശങ്കര വർമ്മയാണ് അതിൻറെ കൈഎഴുത്ത് പ്രതി തയ്യാറാക്കിയത്
ഡയറിക്കുറിപ്പുകൾ
അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ ജീവിതത്തിലെ ദാരിദ്യത്തിന്റെ കാഠിന്യം വിളിച്ചോതുന്നവയാണ്. 1960 നവംബർ 3 1138 തുലാം 18 പുറത്തിറങ്ങാറില്ല കാരണം രണ്ട്. ഒന്ന്,കണ്ണിനു നല്ല സുഖം ഇല്ല. രണ്ട്,വസ്ത്രധാരണവും വളരെ പരിമിതമാക്കേണ്ടുന്ന ഘട്ടമാണ്. വലിയതും ചെറിയതുമായ ഒരു മുണ്ട്.ഞാൻ പുറത്തു പോകുമ്പോൾ അത് എടുക്കും.വന്നാൽ ഭാര്യ ഉടുക്കും.പുറത്തുപോയ അവസരത്തിൽ ഭാര്യ കുളിച്ചാൽ ഈറനുമായി എന്റെ പ്രത്യാഗമനം വരെ ഉള്ളിൽ ഇരിക്കും.” പട്ടിണി കാരണം ആത്മഹത്യയെ കുറിച്ചു ചിന്തിച്ച വിഷ്ണുഭാരതീയനു നേരെ ഉറ്റ സുഹൃത്തും സന്തത സഹചാരിയുമായ കെ പി ആർ ഗോപാലൻ പൊട്ടിത്തെറിച്ചതായി ഓർമ്മക്കുറിപ്പുകളിൽ പറയുന്നുണ്ട്.