ന്യൂ മാഹി: - അഴീക്കലിൽ സി.പി.എം.-ബി.ജെ.പി. സംഘർഷത്തിൽ എട്ടോളം പേർക്ക് പരിക്കേറ്റു. തലയ്ക്കും കൈകാലുകൾക്കും സാരമായി വെട്ടേറ്റ അഴീക്കലിലെ കേളന്റവിട ശ്രീജിത്ത‌് (49), പുതിയപുരയിൽ ശ്രീഖിൽ (28), അജിത്ത് എന്നിവരെ തലശ്ശേരി കേ-ഓപ്പറേറ്റീവ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷത്തിൽ നാല് ബി.ജെ.പി. പ്രവർത്തകരടക്കം അഞ്ചുപേർക്കും പരിക്കേറ്റു. ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി അംഗമായ ലിനീഷിനും സഹോദരനും മറ്റ് മൂന്നുപേർക്കുമാണ് മർദനത്തിൽ പരിക്കേറ്റത്.
ലിജിൻ, അഖിൽ, പ്രസാദ്, പ്രസാദിന്റെ ഭാര്യ ജീന എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. അഖിലിന്റെ ബൈക്കും ലിനീഷിന്റെ ഔട്ടോറിക്ഷയും പ്രസാദിന്റെ വീട്ടുപകരണങ്ങളും അക്രമികൾ നശിപ്പിച്ചു. പ്രസാദിന്റെ വീടിനുനേർക്കുള്ള അക്രമത്തിലാണ് ജീനയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി ഒമ്പതോടെ പത്തംഗ സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി.പരിക്കേറ്റവരെ തലശ്ശേരി ജനറൽ ആസ്പത്രിയിൽ പ്രഥമശുശ്രൂഷ നൽകിയാണ് സഹകരണ ആസ്പത്രിയിലേക്ക‌് മാറ്റിയത്. അഴീക്കലിലെ സി.പി.എം. ബ്രാഞ്ചാഫീസായ പാട്യം ഗോപാലൻ സ്മാരക മന്ദിരത്തിനുനേരേയും ആക്രമണമുണ്ടായതായി പരാതിയുണ്ട്. ന്യൂമാഹി പഞ്ചായത്തംഗം ശ്രീദേവിയുടെ മകനാണ് പരിക്കേറ്റ ശ്രീഖിൽ.
സംഭവത്തിന് പിന്നിൽ ആർ.എസ്.എസ്. സംഘമാണെന്ന് സി.പി.എം. ആരോപിച്ചു.സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് പ്രകോപനമില്ലാതെയാണ് അക്രമം നടത്തി സംഘർഷം ഉണ്ടാക്കാനുള്ള ആർ.എസ്.എസ്. ശ്രമത്തിന്റെ ഭാഗമാണിതെന്ന് സി.പി.എം. കുറ്റപ്പെടുത്തി.സംഭവത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി. ആരോപിച്ചു.