മയ്യിൽ :- കാവൽ നിന്ന പൊലീസുകാരെ വെട്ടിച്ച് മയ്യിൽ പൊലീസ് സ്റ്റേഷനിൽ നിന്നും പ്രതി ചാടി രക്ഷപ്പെട്ടു. പാവന്നൂർമൊട്ട സ്വദേശിയും ഇരിക്കൂർ പെരുവളത്തുപറമ്പിൽ താമസക്കാരനുമായ മുനിയൻകുന്നേൽ ആഷിഖ് (36) ആണ് രക്ഷപ്പെട്ടത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. (Kolachery varthakal Online).
കുറ്റ്യാട്ടൂർ ക്രഷറിൽ അതിക്രമിച്ചു കയറി പണമാവശ്യപ്പെട്ട് ഭീഷണി മുഴക്കിയ കേസിലെ പ്രതിയാണ് ആഷിഖ്. ഇയാൾ ഉൾപ്പെടെയുള്ള എട്ടംഗ സംഘമാണ് അതിക്രമം നടത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രസ്തുത കേസിലെ ഒന്നാം പ്രതിയായ ആഷിഖിനെ മയ്യിൽ എസ്.ഐ വി.ആർ വിനീഷിന്റെ നേതൃത്വത്തിൽ ഇന്നലെ പിടികൂടുകയായിരുന്നു.
(Kolachery varthakal Online)
ഇപ്പോഴും ചോർന്നൊലിക്കുന്ന വാടക കെട്ടിടത്തിലാണ് മയ്യിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പ്രതികളെ സൂക്ഷിക്കാൻ ഇവിടെ പ്രത്യേക സംവിധാനം ഒന്നുംതന്നെയില്ല. അതിനാൽ, സ്റ്റേഷൻ വരാന്തയിൽ കസേരയിട്ട് ആഷിഖിനെ അതിലിരുത്തി രണ്ടു പൊലീസുകാരെ കാവലിനു നിയോഗിക്കുകയും ചെയ്തിരുന്നു. അർദ്ധരാത്രിയോടെ പൊലീസുകാരെ തള്ളി മാറ്റി ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസുകാർ പിറകെയോടിയെങ്കിലും ഇയാളെ പിടികിട്ടിയില്ല. രാത്രി തന്നെ മയ്യിൽ, ഇരിക്കൂർ, പാവന്നൂർമൊട്ട തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നിരവധി അക്രമ കേസുകളിൽ പ്രതിയാണ് ആഷിഖ്. ഹൈവേ പിടിച്ചുപറിയടക്കം ഇതിൽ ഉൾപ്പെടും. മയ്യിലിനു പുറമെ ഇരിട്ടി, മട്ടന്നൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലും ആഷിഖിനെതിരെ കേസുണ്ട്.
പെരുവളത്തുപറമ്പിലെ കൂറ്റൻ വീട്ടിൽ താമസിക്കുന്ന ആഷിഖ് ബംഗളൂരുവിൽ വൻ ബിസിനസ് നടത്തുകയാണെന്നാണ് ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചത്.