ആയുധ, വാഹനപൂജകൾ നിയന്ത്രണം പാലിച്ചാവാം
കണ്ണൂർ: - കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിലെ നവരാത്രി ആഘോഷങ്ങൾക്ക് മലബാർ ദേവസ്വം ബോർഡ് മാർഗനിർദേശം പുറത്തിറക്കി. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പൂജവെപ്പ്, എഴുത്തിനിരുത്ത് എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മാർഗനിർദേശങ്ങൾ
• ബോർഡിന് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് നടത്തരുത്.
• എഴുത്തിനിരുത്തൽ ചടങ്ങ് ഓൺലൈനായി സംഘടിപ്പിക്കാനുള്ള സാധ്യത അതത് ക്ഷേത്രങ്ങൾക്ക് പരിശോധിക്കാം.
• ആയുധപൂജയും വാഹനപൂജയും നിയന്ത്രണങ്ങൾ പാലിച്ച് നടത്താം.
• ആഘോഷങ്ങൾ നിയന്ത്രിതമായ രീതിയിൽ അതത് ക്ഷേത്ര ഭരണാധികാരിയുടെ സ്വന്തം ഉത്തരവാദിത്വത്തിൽ സംഘടിപ്പിക്കാം.
• 10-നും 60-നും ഇടയിൽ പ്രായമുള്ള ആളുകൾ അവതരിപ്പിക്കുന്ന സംഗീതാർച്ചന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഓപ്പൺ സ്റ്റേജിൽ മാത്രം നടത്താം. ആസ്വാദകരെ ക്രമീകരിക്കാൻ നടപടി സ്വീകരിക്കണം.
• 10 വയസ്സിന് മുകളിലുള്ളവരിൽനിന്ന് ഗ്രന്ഥപൂജയ്ക്കുള്ള പുസ്തകങ്ങൾ ഭദ്രമായി പായ്ക്കുചെയ്ത് അണുനശീകരണം നടത്തിയശേഷം മാത്രം സ്വീകരിക്കാം.
• ഗ്രന്ഥപൂജയ്ക്കുശേഷം പുസ്തകങ്ങൾ അണുനശീകരണം കൂടി നടത്തി പ്രത്യേക കൗണ്ടർ വഴി വിതരണം ചെയ്യാം.
• അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പോലീസ്, ആരോഗ്യവകുപ്പ്, ജില്ലാഭരണകൂടം എന്നിവയുമായി ക്ഷേത്ര ഭാരവാഹികൾ ബന്ധപ്പെടണം.
• വിപുലമായ സംഘാടനം ഒഴിവാക്കി പരമാവധി ചെലവ് ചുരുക്കണം.