മയ്യിൽ: പ്രതി പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ. മയ്യിൽ ബ്ലോക്ക് കമ്മിറ്റി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താനാവശ്യപ്പെട്ട് ഡി.ജി.പി., എസ്.പി., കളക്ടർ എന്നിവർക്ക് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി കഴിഞ്ഞ ദിവസം പാരാതി നൽകി.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആഷിഖാണ് മയ്യിൽ പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയത്.
വളരെ ശ്രമകരമായാണ് ഇൻസ്പെക്ടർ ഷാജി പട്ടേരിയും എസ്.ഐ. വി.ആർ. വിനീഷും ആഷിഖിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചത്. വിലങ്ങുവെക്കാതെ സ്റ്റേഷനിൽ അർധരാത്രിവരെ കസേരയിലിരുത്തിയതും പെട്ടെന്ന് ഓടിപ്പോകുമ്പോൾ വാഹനമെത്തി കയറ്റിയതുമെല്ലാം സംശയംജനിപ്പിക്കുന്നതാണെന്നാണ് ആരോപണം.