വീടുകളിലെ ഗ്യാസ് സിലിണ്ടര്‍ തീര്‍ന്നാല്‍ ഈ മാസം വരെ ബുക്ക് ചെയ്താല്‍ സിലിണ്ടര്‍ വീട്ടിലെത്തുകയും പണം കൊടുക്കുകയും ചെയ്താല്‍ മതിയായിരുന്നു. എന്നാല്‍ നവംബര്‍ ഒന്നുമുതല്‍ അതുപോര. ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എണ്ണക്കമ്പനികള്‍. വീടുകളില്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ അടുത്തമാസം മുതല്‍ ഒടിപി (വണ്‍ ടൈം പാസ്‌വേര്‍ഡ്) നമ്പര്‍ കാണിക്കണം. പുതിയ പരിഷ്‌കാരം നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ഒരു ഡെലിവറി ഓതന്‍റിഫിക്കേഷന്‍ കോഡ് ലഭിക്കും. പാചക വാതക ഗുണഭോക്താവ് ഗ്യാസ് കണക്ഷനായി രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്കാണ് ഈ കോഡ് എസ്.എം.എസ് ആയി വരുന്നത്. പാചകവാതകം ഡെലിവറി ചെയ്യുന്ന സമയത്ത് ഈ നമ്പര്‍ കാണിച്ചാല്‍ മാത്രമേ സിലിണ്ടര്‍ ലഭിക്കുകയുള്ളൂ. ഇതിനായി ഉപഭോക്താവിന്‍റെ മേല്‍വിലാസവും ഫോണ്‍നമ്പരും കൃത്യമായിരിക്കേണ്ടത് പ്രധാനമാണ്.