ഫസ്റ്റ്‌ബെൽ ക്ലാസുകൾ ഇനി ഒരുകുടക്കീഴിൽ
തിരുവനന്തപുരം :- കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ഒരു പൊതുസൈറ്റിൽ ലഭ്യമാക്കുന്ന സംവിധാനം കൈറ്റ് ഏർപ്പെടുത്തി. ഇനിമുതൽ ജനറൽ, തമിഴ്, കന്നഡ മീഡിയം വിഭാഗങ്ങളിലെ മുഴുവൻ ക്ലാസുകളും വീഡിയോ ഓൺ ഡിമാൻഡ് രൂപത്തിൽ firstbell.kite.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാകും. മീഡിയം, ക്ലാസ്, വിഷയം എന്നിങ്ങനെ തിരിച്ച് എപ്പിസോഡ് ക്രമത്തിൽ 3000-ലധികം ക്ലാസുകൾ ഈ പോർട്ടലിൽ ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.
നവംബർ രണ്ടുമുതൽ പ്ലസ് വൺ ക്ലാസുകളും ഫസ്റ്റ്‌ബെല്ലിൽ സംപ്രേഷണംചെയ്യും. തുടക്കത്തിൽ രാവിലെ 9.30മുതൽ 10.30വരെ രണ്ട് ക്ലാസുകളാണുണ്ടാവുക. ഇതോടെ, ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികൾക്കും പ്രയോജനപ്പെടുന്ന ക്ലാസുകൾ എല്ലാദിവസവും കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണംചെയ്യും.
പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചൽ ആദ്യയാഴ്ച ശനി, ഞായർ ദിവസങ്ങളിലായിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും. ഹയർസെക്കൻഡറി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലെ ഭാഷാവിഷയങ്ങളും അവധിദിവസങ്ങൾകൂടി പ്രയോജനപ്പെടുത്തിയാകും സംപ്രേഷണം. മുഴുവൻ വിഷയങ്ങളും സംപ്രേഷണംചെയ്യാൻ കൈറ്റ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.