പ്രവേശനപരീക്ഷ ഏപ്രിൽ 10ന് , ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം
ജവഹർ നവോദയ സ്കൂളുകളിൽ ആറാം ക്ലാസ് പ്രവേശനത്തിനു ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സ്‌കൂളിൽ ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് അവസരം. കേരളത്തിലെ 14 ജില്ലകളിലും ഓരോ സ്കൂളുണ്ട്. സ്കൂൾ നിലകൊള്ളുന്ന ജില്ലയിലെ കുട്ടികളെ മാത്രമേ പരിഗണിക്കൂ. ഏപ്രിൽ പത്തിനാണു പ്രവേശനപരീക്ഷ.
സിബിഎസ്‌ഇ സിലബസനുസരിച്ച് 12–ാം ക്ലാസ് വരെ പഠിക്കാം. സ്‌കൂൾ ക്യാംപസിൽ താമസിച്ചുപഠിക്കണം. പഠനം, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്‌തകങ്ങൾ എന്നിവ സൗജന്യം. 9–12 ക്ലാസ് വിദ്യാർഥികൾ മാത്രം 600 രൂപ പ്രതിമാസ ഫീസ് നൽകണം. ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവർ, പെൺകുട്ടികൾ, പട്ടികവിഭാഗക്കാർ എന്നിവർ ഈ ഫീസും നൽകേണ്ട.
അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.navodaya.gov.in എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഇന്റർനെറ്റ് കൈകാര്യം ചെയ്യാൻ പ്രയാസമുളളവർക്ക് നവോദയ സ്കൂളുകളിൽ അപേക്ഷാ സമർപ്പണത്തിനു സൗജന്യസഹായം ലഭിക്കും.
ജനനം 2008 മേയ് ഒന്നിനു മുൻപോ 2012 ഏപ്രിൽ 30നു ശേഷമോ ആകരുത്. പട്ടികവിഭാഗക്കാരടക്കം ആർക്കും പ്രായത്തിൽ ഇളവില്ല. ഗ്രാമീണ വിദ്യാർഥികൾക്ക് 75 % ക്വോട്ടയുണ്ട്. 3, 4, 5 ക്ലാസ് പഠനം ഗ്രാമപ്രദേശങ്ങളിൽ നടത്തിയവരെയാണ് ഇതിൽ പരിഗണിക്കുന്നത്. ഈ ഘട്ടത്തിൽ ഒരു ദിവസമെങ്കിലും നഗരപ്രദേശങ്ങളിൽ പഠിച്ചവരെ പരിഗണിക്കില്ല.
എട്ടാം ക്ലാസ് വരെ പഠനം മലയാളം മീഡിയത്തിലാണ്; തുടർന്ന് മാത്‌സും സയൻസും ഇംഗ്ലിഷിലും, സോഷ്യൽ സയൻസ് ഹിന്ദിയിലും. മൂന്നിലൊന്നു സീറ്റ് പെൺകുട്ടികൾക്കാണ്. പട്ടികജാതി / വർഗ സംവരണം ജില്ലയിലെ ജനസംഖ്യയ്ക്ക് ആനുപാതികം. ഭിന്നശേഷിക്കാർക്കു കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം.
ഓരോ സ്കൂളിലും 80 സീറ്റുകളിലേക്കാവും പ്രവേശനം. 9–ാം ക്ലാസിലേക്കു കടക്കുന്ന കുട്ടികൾ ഹിന്ദി പ്രദേശങ്ങളിൽ എവിടെയെങ്കിലുമുള്ള സ്‌കൂളിലേക്കു മാറി ഒരു വർഷം പഠിക്കേണ്ടിവരും.
പ്രവേശനപരീക്ഷ ഇങ്ങനെ
രണ്ടു മണിക്കൂർ പരീക്ഷയിൽ 80 ഒബ്‌ജെക്റ്റീവ് ചോദ്യം, 100 മാർക്ക്.
∙ മാനസികശേഷി: 40 ചോദ്യം, 50 മാർക്ക്, 60 മിനിറ്റ്
∙ അരിത്‌മെറ്റിക്: 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ്
∙ ഭാഷ: 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ്
തെറ്റിനു മാർക്ക് കുറയ്‌ക്കില്ല. അഞ്ചാം ക്ലാസിൽ കുട്ടി പഠിച്ച ഭാഷയിൽ പരീക്ഷയെഴുതാം. ഈ പരീക്ഷയിൽ ഒരു പ്രാവശ്യം മാത്രമേ എഴുതാൻ അനുവാദമുള്ളൂ. ചോദ്യമാതൃകകളുൾപ്പെടെ കൂടുതൽ വിവരങ്ങൾക്കു പ്രോസ്പെക്ടസ് നോക്കുക.