പയ്യന്നൂർ :- കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ മുൻ ജില്ലാ സെക്രട്ടറിയായിരുന്ന ജി ഡി മാസ്റ്ററുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം മയ്യിൽ തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച വനിതാവേദി പ്രവർത്തിക്കുന്ന ലൈബ്രറിക്ക് അന്നൂർ വേമ്പു സ്മാരക ഗ്രന്ഥാലയവും കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലും ചേർന്ന് ഏർപ്പെടുത്തിയാണ് പുരസ്കാരം. പതിനായിരം രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ സമ്മാനിച്ചു.ടി ഐ മധുസൂദനൻ അനുസ്മരണ പ്രഭാഷണം നടത്തി.
വേമ്പു ലൈബ്രറിയിൽ നടന്ന ചടങ്ങിൽ കെ കെ ഗംഗാധരൻ അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യുട്ടീവ് അംഗം വൈക്കത്ത് നാരായണൻ, താലൂക്ക് സെക്രട്ടറി കെ ശിവകുമാർ, കെ സിവാസന്തി ടീച്ചർ എന്നിവർ സംസാരിച്ചു. എ കെ ബിനേഷ് സ്വാഗതവും പി വി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രന്ഥാലയങ്ങൾ പ്രവർത്തിക്കുന്ന മയ്യിൽ ഗ്രാമപഞ്ചായത്തിലെ എ പ്ലസ് ഗ്രേഡ് ഗ്രന്ഥാലയമാണ് സഫ്ദർ ഹാഷ്മി. ഗ്രാമീണ മേഖലയിൽ സംസ്ഥാനത്തെ ആദ്യ എയർകണ്ടീഷൻഡ് ഡിസൈൻഡ് ലൈബ്രറി.ലിബ്കാറ്റ് എന്ന സോഫ്റ്റ് വെയർ സഹായത്തോടെയുള്ള ബാർകോഡ് അധിഷ്ഠിത സംവിധാനത്തിലാണ് പുസ്തക വിതരണം.
വനിതാവേദി ഉൾപ്പെടെ 16 ഉപവിഭാഗങ്ങളിലൂടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വർഷം തോറും 55-60 പൊതുപരിപാടികൾ സംഘടിപ്പിക്കുന്നു. ഗ്രന്ഥാലയം വർഷങ്ങളായി നടപ്പാക്കുന്ന പി എസ് സി പരീക്ഷാ പരിശീലനങ്ങളിലൂടെ 86 പേർക്ക് സർക്കാർ ഉദ്യോഗം ലഭിച്ചിട്ടുണ്ട്.
വായന, സ്ത്രീ ശാക്തീകരണം, സംരഭകത്വം, സ്വാശ്രയത്വം, ഊർജസംരക്ഷണം, ശാരീരിക-മാനസിക ആരോഗ്യം, കല തുടങ്ങി സാമൂഹ്യ ജീവിതത്തിൻ്റെ കർമമേഖലകളിൽ സ്ത്രീകളെ സജീവമാക്കുന്നതിൽ വനിതാവേദി സവിശേഷമായ ഇടപെൽ നടത്തുന്നു.
പെൺമ എന്ന പേരിൽ വനിതാവേദിയുടെ ബദൽ ഉൽപന്ന ബ്രാൻഡ് വർഷങ്ങളായി നിലവിലുണ്ട്. വായനശാല പെൺമയുടെ സ്ഥിരം വിപണന കേന്ദ്രമായും പ്രവർത്തിക്കുന്നു.മെനസ് ട്രുവൽ കപ്പ് ഡെമോൺസ്ട്രേഷൻ, സ്ത്രീകൾക്ക് എൽ ഇ ഡി ബൾബ് നിർമാണത്തിലും റിപ്പയറിങ്ങിലുമുള്ള പരിശീലനം, ബ്യൂട്ടീഷ്യൻ കോഴ്സ്, യോഗ പരിശീലനം, മെഡിക്കൽ ക്യാമ്പ് പരമ്പരകൾ, കൗൺസലിങ്, ജീവിതവിജയം നേടിയ വനിതകളുടെ സംഗമം, വീട്ടുമുറ്റ പുസ്തക ചർച്ചകൾ, പെൺനാടകങ്ങൾ തുടങ്ങി അനേകം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വനിതാ വേദി നടപ്പാക്കുന്നു.
.