കോവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു: ആരോഗ്യമന്ത്രി


കോവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാൻ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോവിഡ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിർദ്ദേശങ്ങളൊന്നും നിലവിലില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയത്.

കോവിഡ് ബോർഡിന്റെ നിർദേശാനുസരണം സൂപ്രണ്ടുമാർ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. കൂട്ടിരിക്കുന്ന ആളിന് പിപിഇ കിറ്റ് അനുവദിക്കും. കൂട്ടിരിക്കുന്നയാൾ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.

രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും മനസിലാക്കി ആവശ്യമുള്ള കേസുകളിലാണ് സൂപ്രണ്ടുമാർ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്.

കോവിഡ് ബോർഡ് ഇക്കാര്യം വിലയിരുത്തിയ  ശേഷമാണ്  അനുവദിക്കുക. രോഗിയുടെ ബന്ധുവിന് കൂട്ടിരിപ്പുകാരനാകാം. കൂട്ടിരിക്കുന്നയാൾ ആരോഗ്യവാനായിരിക്കണം. നേരത്തെ കോവിഡ് പോസിറ്റീവായ വ്യക്തിയാണെങ്കിൽ നെഗറ്റീവായി ഒരു മാസം കഴിഞ്ഞവർക്കുമാകാം. ഇവർ രേഖാമൂലമുള്ള സമ്മതം നൽകണം.

Previous Post Next Post