മക്ക:- ആത്മഹർഷത്തിന്റെ നിറവിൽ ഉംറ തീർഥാടനത്തിനു തുടക്കമായി. മസ്ജിദുൽ ഹറമിന്റെ കവാടങ്ങൾ തീർഥാടകർക്കു മുന്നിൽ വീണ്ടും തുറന്നപ്പോൾ പ്രാർഥനാ മന്ത്രങ്ങൾ ഉരുവിട്ടും ആനന്ദാശ്രു പൊഴിച്ചും ദൈവത്തിനു നന്ദി പ്രകടിപ്പിക്കുകയായിരുന്നു
മുസ്‌ലിം ലോകം. മാസ്ക് ധരിച്ച് കോവിഡ് മാനദണ്ഡം പാലിച്ച് സുഗമമായി കർമങ്ങൾ നിർവഹിക്കാൻ സാധിച്ചതിന്റെ നിർവൃതിയിൽ തീർഥാടകർ.
500 പേർ വീതം 12 സംഘമായി തിരിച്ചായിരുന്നു തീർഥാടനം. 2 വരികളിൽ അകലം പാലിച്ച് 50 പേർ വീതം അണിനിരന്ന് പ്രദക്ഷിണത്തിനും (ത്വവാഫ്) പ്രയാണത്തിനും (സഅയ്) സൗകര്യം ഒരുക്കിയതോടെ എല്ലാവർക്കും സുഗമമായി കർമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചു. തീർഥാടകരുടെ സുരക്ഷ മാനിച്ച് ദിവസേന 10 തവണ ഹറം പള്ളിയും പരിസരവും അണുവിമുക്തമാക്കുകയും ചെയ്തുവരുന്നു.
ഉംറ തീർഥാടനം പുനരാരംഭിച്ചതോടെ മക്കയും പരിസര പ്രദേശങ്ങളും സജീവമായി. ഇനി ഹറം പള്ളിയിൽ ഇടതടവില്ലാതെ പ്രാർഥനകൾ ഉയരും. ഹജ്, ഉംറ മന്ത്രാലയത്തിന്റെ ഇഅ്തമർനാ ആപ്പിലൂടെ അപേക്ഷിച്ചവർക്കാണ് തീർഥാടനത്തിനു അനുമതി നൽകിയത്. ആദ്യഘട്ടത്തിൽ ദിവസേന 6000 തീർഥാടകർക്കാണ് അവസരം. ഈ മാസം 18 മുതൽ തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ 15000 തീർഥാടകർക്കും നവംബർ 1ന് തുടങ്ങുന്ന മൂന്നാംഘട്ടത്തിൽ വിദേശത്തുനിന്നുള്ളവരടക്കം പ്രതിദിനം 20000 പേർക്കുമാണ് അനുമതി.
18 മുതൽ 40,000 സന്ദർശകരെയും അനുവദിച്ചു തുടങ്ങും. തീർഥാടകരും സന്ദർശകരും ഇടകലരാതിരിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ സ്പർശിക്കാതിരിക്കാൻ കഅബയ്ക്കു ചുറ്റും ബാരിക്കേഡ് ഉയർത്തിയിട്ടുണ്ട്.