കൊല്ലൂർ രഥോത്സവം ഇന്ന്;വിദ്യാരംഭത്തിന് കുട്ടിക്കൊപ്പം അമ്മ മാത്രം

രഥംവലി കാണാൻ ഭക്തരെ അനുവദിക്കില്ല



 
കൊല്ലൂർ :- മഹാനവരാത്രി ആഘോഷങ്ങൾക്ക് സമാപനംകുറിച്ച് കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലെ രഥോത്സവം ശനിയാഴ്ച നടക്കും. ഇത്തവണ രാത്രി 10.30-ന് മിഥുനലഗ്‌നത്തിലാണ് കൊല്ലൂരമ്മ രഥത്തിലെഴുന്നള്ളുക. രഥപൂജയ്ക്കുശേഷം ക്ഷേത്ര ചുറ്റമ്പലത്തിൽ വിവിധ പൂക്കളാൽ അലങ്കരിച്ച രഥത്തിൽ ദേവീവിഗ്രഹം എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. പുഷ്പരഥോത്സവ ചടങ്ങുകൾക്ക് മുഖ്യതന്ത്രി രാമചന്ദ്ര അഡിഗ കാർമികത്വം വഹിക്കും. കോവിഡ് മാനദണ്ഡം കർശനമായി പാലിച്ചാണ് രഥംവലി ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തുക. രഥോത്സവത്തിന് ഭക്തരെ പങ്കെടുപ്പിക്കില്ല. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ക്ഷേത്രം അടയ്ക്കും. അതിനുശേഷം ക്ഷേത്രജീവനക്കാരും തന്ത്രിമാരും മാത്രമാണ് രഥംവലിക്ക് ഉണ്ടാവുക. ശനിയാഴ്ച രാവിലെ 11.30-ന് ചണ്ഡികായാഗം നടക്കും. ഞായറാഴ്ച വിദ്യാരംഭവും ഉണ്ടാവും. രഥംവലിക്കുശേഷം നടക്കുന്ന അത്താഴപ്പൂജയോടെ നട അടയ്ക്കും. വിജയദശമിദിനമായ ഞായറാഴ്ച വിജയാഘോഷമാണ്. പതിവിൽനിന്ന് വ്യത്യസ്തമായി വിജയദശമി നാളിൽ പുലർച്ചെ നാലുമണിക്ക് നട തുറക്കും. നടതുറക്കുന്നതോടെ എഴുത്തിനിരുത്ത് തുടങ്ങും. വിദ്യാരംഭ ചടങ്ങുകൾക്കുശേഷം ഉച്ചയ്ക്ക് 12.30-ന് പുത്തരി നിവേദ്യ സമർപ്പണമായ നവാന്നപ്രാശനം നടക്കും. വൈകീട്ട് നടക്കുന്ന വിജയോത്സവത്തോടെ നവരാത്രി ആഘോഷം സമാപിക്കും.

വിദ്യാരംഭത്തിനെത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാരംഭം കുറിക്കുന്ന കുട്ടിക്കൊപ്പം അമ്മയ്ക്ക് മാത്രമേ സരസ്വതീമണ്ഡപത്തിൽ പ്രവേശനമുള്ളൂ, അതും കോവിഡ് മുൻകരുതൽ എടുത്തെങ്കിൽ മാത്രം. കോവിഡ് രോഗവ്യാപനഭീതി നിലനിൽക്കുന്നതിനാൽ ദേവീഭക്തർ സഹകരിക്കണമെന്ന് ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫീസർ അരവിന്ദ എ. സുത്തഗുണ്ടി പറഞ്ഞു.

Previous Post Next Post