ചേലേരി :- ഇന്നലെ ചേലേരിയിൽ വച്ച് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട കക്കോപ്രത്ത് അനൂപിന് കണ്ണിരിൽ കുതിർന്ന യാത്രാമൊഴി.
ഇന്നലെ കണ്ണൂർ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചു. കോവിഡ് ടെസ്റ്റും നടത്തുക ഉണ്ടായി .ഉച്ചയോട് കൂടി നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ഉച്ചയ്ക്ക് മൂന്ന് മണിയോടെ ചേലേരി അമ്പലത്തിന് സമീപമുള്ള ഭവനത്തിൽ എത്തിച്ചു.
തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ചു. തളിപറമ്പ് നിയോജക മണ്ഡലം എം എൽ എ ജെയിംസ് മാത്യു, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ താഹിറ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ അനിൽ കുമാർ, ഡിസിസി ജന.സെക്രട്ടറി രജിത്ത് നാറാത്ത്, സി പി എം ജില്ലാ കമ്മിറ്റി അംഗം ബിജു കണ്ടക്കൈ, കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം അനന്തൻ മാസ്റ്റർ, വാർഡ് മെമ്പർമാരായ ചന്ദ്ര ഭാനു, ഇന്ദിര തുടങ്ങിയവർ പരേതൻ്റെ ഭവനത്തിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
കണ്ണൂർ ആർമി സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിലെ (DSC) സ്റ്റേഷൻ കമാൻ്റ്റർക്ക് വേണ്ടി ക്യാപ്റ്റൻ ചന്ദൻ സിംങിൻ്റെ നേതൃത്വത്തിലുള്ള സൈനികർ പരേതൻ്റെ ഭവനത്തിലെത്തി ആചാരപരമായ സൈനിക ബഹുമതി അർപ്പിക്കുകയും മൃതദേഹത്തിൽ പുതപ്പിച്ച ത്രിവർണ്ണ പതാക പരേതൻ്റെ ഭാര്യയ്ക്ക് കൈമാറുകയും ചെയ്തു. കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് ചേലേരി ,കണ്ണാടി പറമ്പ് യൂണിറ്റ് പ്രസിഡൻ്റ് ദിനേശൻ, സംസ്ഥാന സമിതി അംഗം പി.ബാലകൃഷ്ണൻ എന്നിവരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.
തുടർന്ന് മൃതദേഹം പയ്യാമ്പലത്ത് എത്തിച്ച് ശവസംസ്കാര ചടങ്ങുകൾ നടത്തി.