തിരുവനന്തപുരം :- കോവിഡ് പോസിറ്റീവാകുകയോ ക്വാറന്റീനിൽ കഴിയുകയോ ചെയ്യുന്ന വോട്ടർ, വോട്ടെടുപ്പിനു 3 ദിവസം മുൻപ് എങ്കിലും തപാൽ വോട്ടിനായി അപേക്ഷിക്കണം. വരണാധികാരിക്കാണ് അപേക്ഷ നൽകേണ്ടത്. ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. തുടർന്നു തപാൽ വോട്ട് ചെയ്യുന്നതിനുള്ള ബാലറ്റ് പേപ്പർ, വീട്ടിൽ തപാൽമാർഗം എത്തിക്കും.
വോട്ട് ചെയ്ത ശേഷം തപാൽ മാർഗമോ ബന്ധുക്കളുടെ കൈവശമോ വരണാധികാരിക്കു മുന്നിൽ ബാലറ്റ് എത്തിക്കണം. വോട്ടെണ്ണൽ ദിനം രാവിലെ വരെ എത്തിക്കാം. വോട്ടിന്റെ രഹസ്യാത്മകത ഉറപ്പാക്കുന്ന രീതിയിൽ പല കവറുകളിലായിട്ടാകും ബാലറ്റ്. കോവിഡ് പോസിറ്റീവായ വ്യക്തിയുടെ വീട്ടിൽ തപാൽമാർഗം ബാലറ്റ് പേപ്പർ എങ്ങനെ എത്തിക്കുമെന്നതു സംബന്ധിച്ചു വ്യക്തമായ ചട്ടങ്ങൾ സർക്കാർ പുറപ്പെടുവിക്കും. തപാൽ ഉരുപ്പടികളുടെ വിതരണം ഇപ്പോൾ തന്നെ വൈകുന്ന സാഹചര്യം ചൂണ്ടിക്കാണിച്ചപ്പോൾ അതിനാണ് ബന്ധുവിന്റെ കൈയിൽ ഇതു കൊടുത്തുവിടാനുള്ള സംവിധാനമെന്നു കമ്മിഷൻ മറുപടി നൽകി.
സ്ഥാനാർഥികൾ കോവിഡ് പോസിറ്റീവായാൽ പ്രചാരണത്തിൽ നിന്നു വിട്ടുനിൽക്കണം. തുടർന്ന് നെഗറ്റീവായ ശേഷം ആരോഗ്യവകുപ്പിന്റെ നിർദേശം പാലിച്ചു മാത്രമേ പ്രചാരണത്തിന് ഇറങ്ങാവൂ.സ്ഥാനാർഥികളെ കോവിഡ് പരിശോധന നടത്താൻ കമ്മിഷൻ നിർബന്ധിക്കില്ല. വീടുകളിൽ പ്രചാരണത്തിനു പോകുമ്പോൾ സ്ഥാനാർഥി ഉൾപ്പെടെ 5 പേരെ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു ഫെയ്സ് ഷീൽഡ്, മാസ്ക്, കയ്യുറ, സാനിറ്റൈസർ എന്നിവ കമ്മിഷൻ നൽകും.