കൊറ്റാളിയില്‍ യുവാവിന്റെ പരാക്രമം: മൂന്ന് ബസുകളും കാറും പ്രചരണ ബോര്‍ഡും തകര്‍ത്തു


കണ്ണൂർ :-
യുവാവിന്റെ പരാക്രമത്തില്‍ വഴിയരികിലുള്ള പോസ്റ്ററുകളടക്കം കൊറ്റാളി മുതല്‍ അത്താഴക്കുന്ന് വരെ ലക്ഷങ്ങളുടെ നാശനഷ്ടം. കൊറ്റാളിയില്‍ നിര്‍ത്തിയിട്ട മൂന്ന് ബസുകള്‍, വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുകള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ എന്നിവ നശിപ്പിച്ചു.  

കഞ്ചാവിന്റെ ലഹരിയില്‍ യുവാവ് കൊറ്റാളി ജംഗ്ഷനില്‍ സ്ഥാപിച്ച വിവിധ പാര്‍ട്ടിക്കാരുടെ പ്രചരണ ബോര്‍ഡുകളും കൊറ്റാളി ശ്രീ കൂറുമ്പക്ഷേത്രത്തിന് മുന്നില്‍ നിര്‍ത്തിയിട്ട കെ.എല്‍13.ടി.81.25 ബസിന്റെ ഇരുചില്ലുകളും പൂര്‍ണമായും തകര്‍ത്തു. ക്ഷേത്രവളപ്പില്‍ കയറ്റിവച്ച രണ്ട് ബസുകള്‍, കൊറ്റാളി സായൂജ്യത്തിലെ സുദിശന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ മുന്‍ ഗ്ലാസും തകര്‍ത്തിട്ടുണ്ട്. 

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.  കാല്‍ നടയാത്രക്കാര്‍ക്ക് പലര്‍ക്കും കുപ്പിച്ചില്ലുകള്‍ കാരണം പരിക്ക് പറ്റിയിട്ടുണ്ട്. സംഭവം നടന്ന സമയം തന്നെ പോലിസ് എത്തുകയും കൊറ്റാളി ശ്രീ കൂറുമ്പ ക്ഷേത്രത്തിലെ സി.സി.ടി.വിയില്‍ പ്രതിയുടെ ആക്രമണ രംഗങ്ങള്‍ കാണുകയും ചെയ്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അക്രമണത്തിന് പിന്നില്‍ അത്താഴക്കുന്ന് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഞ്ചാവിന്റെ ലഹരിയിലാണെന്നും മാനസിക വിഭ്രാന്തിയില്‍ ചെയ്തതാണെന്നുമാണ് നിഗമനം. തകര്‍ത്ത ബസിന്റെ ഉടമകളായ രാജീവന്‍, സുരേശന്‍, രമേശന്‍ എന്നിവര്‍ ടൗണ്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. 

 ഈ പ്രദേശത്ത് കഴിഞ്ഞ കുറേ കാലമായി മദ്യത്തിന്റെയും കഞ്ചാവിന്റെയും പേരില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പോലിസ് വണ്ടി ആക്രമിക്കുകയും പ്രതികളെ റിമാന്റ് ചെയ്തിട്ടുമുണ്ട്.

Previous Post Next Post