നവംബർ 23 ആഗോള കശുവണ്ടി ദിനമായി ആചരിച്ചു വരുന്നു. കേരളത്തിൽ വളരെ വ്യാപകമായി കൃഷിചെയ്യപ്പെടുന്ന ഒരു വൃക്ഷമാണ് കശുമാവ് (ശാസ്ത്രീയനാമം: Anacardium occidentale). കശുമാവ്, പറുങ്ങാവ്, പറങ്കിമൂച്ചി, പറങ്കിമാവ്, കപ്പൽ മാവ് എന്നീ പേരുകളിൽ ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്ന ഈ ഉഷ്ണമേഖലാ നിത്യഹരിത വൃക്ഷത്തിന്റെ വിത്താണ് സാധാരണ ഉപയോഗിക്കുന്നത്. ഈ വൃക്ഷത്തിന് 14 മീറ്റർ (46 അടി) വരെ ഉയരത്തിൽ വളരാൻ കഴിയും, എന്നാൽ 6 മീറ്റർ (20 അടി) വരെ വളരുന്ന കുള്ളൻ കശുവണ്ടി നേരത്തേയുള്ള വളർച്ചയെത്തലും കൂടുതൽ വിളവും കാരണമായി കൂടുതൽ ലാഭം തെളിയിച്ചിട്ടുണ്ട്. കശുവണ്ടി പലപ്പോഴും പാചക അർത്ഥത്തിൽ ഒരു കായയായി കണക്കാക്കപ്പെടുന്നതിനാൽ; ഈ കശുവണ്ടി നേരിട്ടു കഴിക്കുകയോ പാചകത്തിൽ ഉപയോഗിക്കുകയോ, അല്ലെങ്കിൽ കശുവണ്ടി നെയ് അല്ലെങ്കിൽ കശുവണ്ടി വെണ്ണയായി സംസ്ക്കരിച്ചെടുക്കുകയോ ചെയ്യുന്നു. ഇതിന്റെ കായ പലപ്പോഴും കശുവണ്ടി എന്ന് വിളിക്കപ്പെടുന്നു. മധ്യ ദക്ഷിണ അമേരിക്ക ജന്മദേശമായുള്ള ഈ വൃക്ഷം കേരളത്തിൽ എത്തിച്ചത് പറങ്കികളാണ്.
വടക്കുകിഴക്കൻ ബ്രസീൽ ഉൾപ്പെടെ മധ്യ അമേരിക്ക, കരീബിയൻ ദ്വീപുകൾ, വടക്കൻ തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ തദ്ദേശിയാണ് ഈ വൃക്ഷം. ബ്രസീലിലെ പോർച്ചുഗീസ് കോളനിക്കാർ 1550 കളിൽത്തന്നെ കശുവണ്ടി അവിടെനിന്നു കയറ്റുമതി ചെയ്യാൻ തുടങ്ങിയിരുന്നു. 2017 ൽ വിയറ്റ്നാം, ഇന്ത്യ, ഐവറി കോസ്റ്റ് എന്നിവയായിരുന്നു ഇതിന്റെ പ്രധാന ഉൽപാദകർ.
കശുവണ്ടി വിത്തിന്റെ തോട് രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭംമുതൽക്കുതന്നെ ലൂബ്രിക്കന്റുകൾ, വാട്ടർപ്രൂഫിംഗ്, പെയിന്റുകൾ, ആയുധ ഉൽപാദനം എന്നിവ ഉൾപ്പെടെ നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നതായ ഉപോത്പന്നങ്ങൾ നൽകിയിരുന്നു. കശുമാമ്പഴം ഇളം ചുവപ്പ് മുതൽ മഞ്ഞ നിറംവരെയുള്ള വർണ്ണങ്ങളിൽ കാണപ്പെടുന്ന ഒരു പഴമാണ്, ഇതിന്റെ കാമ്പിൽനിന്ന് മധുരവും ചവർപ്പുരസം നിറഞ്ഞതുമായ പാനീയം സംസ്ക്കരിച്ചെടുക്കാം അല്ലെങ്കിൽ വാറ്റിയെടുതത്ത് മദ്യമാക്കി ഉപയോഗിക്കാം.
പേരിനു പിന്നിൽ
പോർത്തുഗീസ് ഭാഷയിലെ കാശു (Caju) വിൽ (Portuguese pronunciation: [kaˈʒu]) നിന്നാണ് കശുമാവ് എന്ന വാക്ക് ഉണ്ടായത്. അകാജു എന്നും അറിയപ്പെടുന്ന ഇത് ടുപിയൻ പദമായ അകാജിൽ നിന്നാണ്, അക്ഷരാർത്ഥത്തിൽ "സ്വയം ഉത്പാദിപ്പിക്കുന്ന നട്ട്". പോർത്തുഗീസുകാർ കൊണ്ടുവന്ന മാവ് എന്നർത്ഥത്തിൽ പറങ്കിമാവ് എന്നും വിളിക്കുന്നു. കശുമാങ്ങയ്ക്ക് 'ചേരുംപഴം' എന്നും വിത്തിന് 'ചേരണ്ടി' എന്നും ചില പ്രദേശങ്ങളിൽ വിളിക്കുന്നുണ്ട്.
അനകാർഡിയം എന്ന പൊതുനാമം ഗ്രീക്ക് ഉപസർഗ്ഗം അന- (പുരാതന ഗ്രീക്ക്: ἀνά- aná "up, upward"), ഗ്രീക്കിലെ കാർഡിയ (പുരാതന ഗ്രീക്ക്: καρδία kardía "heart"), പുതിയ ലാറ്റിൻ പ്രത്യയം-യം എന്നിവ ഉൾക്കൊള്ളുന്നതാണ്. ഇത് ഒരുപക്ഷേ പഴത്തിന്റെ ഹൃദയാകാരത്തെ, "പഴത്തിന്റെ തണ്ടിന്റെ മുകൾഭാഗത്തെ" അല്ലെങ്കിൽ വിത്തിനെ സൂചിപ്പിക്കുന്നു. കാൾ ലിനേയസ് കാഷ്യൂ എന്നാക്കി മാറ്റുന്നതിനുമുമ്പ്, രണ്ട് സസ്യങ്ങളും ഒരേ കുടുംബത്തിലാണെങ്കിൽപ്പോലും അനകാർഡിയം എന്ന പദത്തെ സെമെകാർപസ് അനകാർഡിയത്തെ (അലക്കുചേര്) സൂചിപ്പിക്കാൻ നേരത്തേ ഉപയോഗിച്ചിരുന്നു. ഓക്സിഡന്റേൽ എന്ന വിശേഷണം പാശ്ചാത്യ ലോകത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.
സവിശേഷതകൾ
Anacardiaceae സസ്യകുടുംബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ശാസ്തീയനാമം Anacardium occidentale എന്നാണ് . ഇത് ഇന്ത്യയ്ക്ക് പുറമേ, വെസ്റ്റ് ഇൻഡീസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കാണപ്പെടുന്നു.
ഇടത്തരം വൃക്ഷമായ ഇത് 15 മീറ്റർ മുതൽ 25 മീറ്റർ വരെ ഉയരത്തിൽ വളരുന്നതുമാണ്. ഇലകൾ ഓവൽ ആകൃതിയിലുള്ളതും പൂക്കൾക്ക് റോസ് നിറവുമാണ്.
വിത്തുകൾ നട്ടാണ് പ്രധാനമായും ഇവയുടെ തൈകൾ ഉൽപാദിപ്പിക്കുന്നത്. വ്യാവസായിക അടിസ്ഥാനത്തിലുള്ള കശുമാവ് കൃഷിക്ക് ബഡിംഗ് മൂലം ഉല്പാദിപ്പിച്ച തൈകൾ ഉപയോഗിക്കുന്നു. കാലതാമസം കൂടാതെ ഫലലഭ്യത ഉറപ്പ് വരുത്തുന്നതിനാണിത്. കശുവണ്ടിയുടെ തോടിലെ കറ ശരീരത്തിൽ പൊള്ളലുണ്ടാക്കും.
ഉത്പാദനം
2017 ൽ, കശുവണ്ടിയുടെ ആഗോള ഉത്പാദനം (കുരുവായി) 3,971,046 ടണ്ണായിരുന്നു. വിയറ്റ്നാം, ഇന്ത്യ, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളായിരുന്നു യഥാക്രമം 22%, 19%, 18% എന്നിങ്ങനെ ആഗോളതലത്തിൽ ഉത്പാദനത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത്. ബെനിൻ, ഗ്വിനിയ-ബിസാവു, കേപ് വേർഡ്, ടാൻസാനിയ, മൊസാംബിക്ക്, ഇന്തോനേഷ്യ, ബ്രസീൽ എന്നിവിടങ്ങളിലും കശുവണ്ടിയുടെ ഗണ്യമായ ഉൽപാദനം ഉണ്ടായിരുന്നു.
2014-ൽ ഐവറി കോസ്റ്റിലെ കശുവണ്ടി കൃഷിയുടെ ദ്രുതഗതിയിലുള്ള വളർച്ച ഈ രാജ്യത്തെ ആഫ്രിക്കൻ കയറ്റുമതിയിൽ മുൻപന്തിയിലാക്കിയിരുന്നു. ലോക വിപണി വിലയിലെ ഏറ്റക്കുറച്ചിലുകൾ, മോശം തൊഴിൽ സാഹചര്യങ്ങൾ, പ്രാദേശിക വിളവെടുപ്പിനു നൽകപ്പെടുന്ന കുറഞ്ഞ വേതനം എന്നിവ കശുവണ്ടി വ്യവസായ മേഖലയിലെ അതൃപ്തിക്ക് കാരണമായിത്തീർന്നു.
പോഷകങ്ങൾ
അസംസ്കൃത കശുവണ്ടിയിൽ 5% ജലം, 30% കാർബോഹൈഡ്രേറ്റ്, 44% കൊഴുപ്പ്, 18% പ്രോട്ടീൻ (പട്ടിക) എന്നിവയാണുള്ളത്.
ഉപയോഗങ്ങൾ
▪️ കശുവണ്ടിപ്പരിപ്പ് പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുവാണ്.
▪️ കശുവണ്ടിത്തോടിൽ നിന്നും എടുക്കുന്ന എണ്ണ വാർണിഷ്, പെയിൻറ് എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്നു.
▪️ ഗോവയിൽ ഈ പറങ്കിപ്പഴം ഉപയോഗിച്ച് ഫെനി എന്ന മദ്യം ഉണ്ടാക്കിവരുന്നു.
▪️ കശുമാങ്ങയുടെ നീരിൽ അല്പം കഞ്ഞിവെള്ളം ചേർത്ത് നന്നായി ഇളക്കി കുറച്ചു നേരം വച്ചാൽ അതിലുള്ള കറ അടിയും. തെളി ഊറ്റിയെടുത്ത് അല്പം പഞ്ചസാര ചേർത്താൽ നല്ല ഒരു പാനീയമാണ്.
ഔഷധ ഗുണം
പട്ട, കായ്, കറ ഇവ ഔഷധത്തിനായി ഉപയോഗിക്കുന്നു. വാതഹാരകമാണ്. ധാതുക്ഷയം, ലൈംഗികശേഷിക്കുറവു്, താഴ്ന്ന രക്തസമ്മർദ്ദം, പ്രസവാനന്തരമുള്ള ക്ഷീണം എന്നിവയ്ക്ക് 10 ഗ്രാം കശുവണ്ടിപ്പരിപ്പ് പാലിൽ അരച്ചു കഴിച്ചാൽ മതി.
ചരിത്രം
പോർച്ചുഗലിൽ നിന്ന് "വാസ്കോ ഡ ഗാമ" യുടെ പിൻഗാമിയായി പുറപ്പെട്ട് ഇന്ത്യയിലെത്തിയ നാവികൻ പെഡ്രോ അൽവാരിസ് കബ്രാളിനൊപ്പമാണ് കശുവണ്ടി കടൽ കടന്നു കേരളത്തിലെത്തിയത് .
പോർച്ചുഗൽ രാജാവ് മാനുവൽ ഒന്നാമന്റെ നിർദ്ദേശാനുസരണം AD-1500 -ൽ കബ്രാളിന്റെ കപ്പൽ വ്യൂഹം ഇന്ത്യയിലേക്ക് പുറപ്പെട്ടെങ്കിലും വഴിതെറ്റി ബ്രസീലിലെത്തി. അങ്ങനെ ബ്രസീലിൽ എത്തുന്ന ആദ്യ യൂറോപ്യനായി കബ്രാൾ മാറി. ബ്രസീലിനെ പോർച്ചുഗലിന്റെ കോളനി ആക്കിയ ശേഷം ബ്രസീലിൽ സുലഭമായി ഉണ്ടായിരുന്ന കശുവണ്ടിയുമായി കബ്രാൾ കോഴിക്കോട്ടെത്തി. അങ്ങനെ കബ്രാളിലൂടെ കശുവണ്ടി മലയാളിയ്ക്ക് പ്രിയപ്പെട്ടതായി
കശുമാവിൽ ഉണ്ടാകുന്ന കശുമാങ്ങയിലെ വിത്താണ് കശുവണ്ടി (ഇംഗ്ലീഷ്: Cashew nut). പറങ്കിയണ്ടി എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിൽ കൊല്ലം ജില്ലയിലാണ് ഇത് ഏറ്റവും കൂടുതൽ സംസ്കരിക്കപ്പെടുനത് . കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്നുമാണ് കേരളത്തിലെ ഏറ്റവും മുന്തിയിയ ഇനം കശുവണ്ടികൾ ഉല്പാദിപ്പിക്കപ്പെടുന്നത്. കേരളത്തിൽ നിന്നും പല വിദേശരാജ്യങ്ങളിലേക്കും കശുവണ്ടി കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്..
പോർച്ചുഗീസ് അധിനിവേശക്കാലത്ത് കപ്പൽ കയറി വന്ന ഒരു വിത്തായതു് കൊണ്ട് പറങ്കിയണ്ടി, കപ്പലണ്ടി എന്നൊക്കെ കശുവണ്ടി അറിയപ്പെടുന്നു .
ദേശീയ കശുവണ്ടി ദിനം
നവമ്പർ 23 ദേശീയ കശുവണ്ടി ദിനമായി ആചരിക്കുന്നു.
കശുമാവിന്റെ തടി
ചതുപ്പു നിലങ്ങളും കായലുകളും നികത്തുന്നതിന് പ്രത്യേകിച്ച് ദ്വീപുകൾ കൃത്രിമമായി നിർമ്മിക്കുന്നതിന് കശുമാവിന്റെ തടി വ്യാപകമായി ഉപയോഗിക്കുന്നു.