കോവിഡ് രോഗികള്‍ക്കും ഇനി വോട്ടു ചെയ്യാം, ബാലറ്റ് പേപ്പറുമായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തും!!


തിരുവനന്തപുരം :- 
കോവിഡാണ്, വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് കരുതി ഇനി ഒരാള്‍ പോലും വിഷമിക്കേണ്ടതില്ല. അതിന് മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തവണ വീടുകളിലെത്തും. തദ്ദേശ തിരഞ്ഞെടുപ്പ് അടക്കം മുന്നിലുള്ളതിനാല്‍ തങ്ങളുടെ പ്രിയപ്പെട്ട പാര്‍ട്ടിക്ക് വോട്ട് ചെയ്യാനുള്ള അവസരം ഇനി ഒരാള്‍ക്ക് പോലും നഷ്ടമാവില്ല. കോവിഡ് കാലത്തും സുരക്ഷ ഉറപ്പാക്കി വോട്ടിംഗ് നടത്താനുള്ള കമ്മീഷന്‍ ചരിത്രപരമായ ചുവടുവെപ്പ് കൂടിയാണിത്.

ആരോഗ്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കുമാണ് കമ്മീഷന്‍ വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കുന്നത്.

അതേസമയം തന്നെ തപാല്‍ വോട്ടിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ലെന്നും, അത് നിര്‍ബന്ധമില്ലാത്ത കാര്യമാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി ഭാസ്‌കരന്‍ പറഞ്ഞു. ഇതോടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് രോഗികള്‍ക്കിടയിലുള്ള ആശയക്കുഴപ്പവും മാറിയിരിക്കുകയാണ്.

നേരത്തെ കോവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും എങ്ങനെ അപേക്ഷ നല്‍കണമെന്നത് ഉള്‍പ്പെടെ വലിയ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിന് പരിഹാരമായിട്ടാണ് ഉദ്യോഗസ്ഥര്‍ രോഗികളുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങാന്‍ തീരുമാനിച്ചത്. വോട്ടിനായി അപേക്ഷിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറയുന്നു. അതേസമയം തന്നെ ഇത്തവണ കോടതി നിര്‍ദേശിച്ച പരിഷ്‌കരണങ്ങള്‍ അടക്കം നടപ്പാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.

നേരത്തെ അധ്യക്ഷ പദവിയിലെ സംവരണം മാറ്റണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. ഇത് നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലുമാണ് മാറ്റമുണ്ടാകുക. സര്‍ക്കാരിന്റെ ഏതെങ്കിലും ഔദ്യോഗിക സ്ഥാനം വഹിക്കുന്നവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കുന്നതിന് തൊട്ട് മുമ്ബ് രാജിവെച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

Previous Post Next Post