കൊവിഡ് നെഗറ്റീവെങ്കില്‍ വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ട; കേന്ദ്ര മാര്‍ഗരേഖ പുറത്ത്


ന്യൂഡൽഹി :-
പ്രവാസികള്‍ക്ക് ഇനി കൊവിഡ് നെഗറ്റീവെങ്കില്‍ ക്വാറന്റീന്‍ വേണ്ടെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കൊവിഡ് മാര്‍ഗരേഖ. പ്രവാസികള്‍ വിമാനയാത്രയ്‌ക്ക് 72 മണിക്കൂറിനുളളില്‍ നടത്തിയ ആര്‍.ടി-പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കിയാല്‍ ഇന്ത്യയില്‍ എവിടെയും ക്വാറന്റീന്‍ ആവശ്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.

വീടിനുളളിലോ പുറത്തുളള സ്ഥാപനങ്ങളിലോ നിരീക്ഷണത്തില്‍ കഴിയേണ്ടതില്ലെന്നാണ് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നത്. മുന്‍ മാര്‍ഗേഖയനുസരിച്ച്‌ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കിയാലും വീടിനുളളില്‍ ക്വാറന്റീന്‍ നിര്‍ബന്ധമായിരുന്നു.

യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പ്  കൊവിഡ് പരിശോധന നടത്തണമെന്നായിരുന്നു മുന്‍ വ്യവസ്ഥ. ഗര്‍ഭാവസ്ഥ, കുടുംബത്തിലെ മരണം, ഗുരുതര രോഗങ്ങള്‍, അച്ഛനമ്മമാരോടും പത്തുവയസില്‍ താഴെയുളള കുട്ടികളോടും ഒപ്പമുളള യാത്ര തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും യാത്ര ചെയ്യാം.

എന്നാല്‍ ഇക്കൂട്ടര്‍ നിര്‍ബന്ധമായും 14 ദിവസം വീടിനുളളില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയണം. അടിയന്തര സാഹചര്യത്തില്‍ യാത്ര ചെയ്യുന്ന എല്ലാവരും 72 മണിക്കൂറിന് മുമ്പ്  www.newdelhiairport.in എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്‍കുകയും വേണം. എത്തിയാല്‍ ഉടന്‍ അതത് ഹെല്‍ത്ത് കൗണ്ടറുകള്‍ വഴിയും വിവരങ്ങള്‍ സമര്‍പ്പിക്കാം.

ആര്‍ ടി-പി സി ആര്‍ പരിശോധന നടത്താതെ വരുന്നവര്‍ക്ക് ഇന്ത്യയിലെത്തിയാല്‍ അതിന് സൗകര്യമുളള എയര്‍പോര്‍ട്ടുകളില്‍ പരിശോധന നടത്താം. മുംബയ്, ഡല്‍ഹി, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് നിലവില്‍ ഈ സൗകര്യമുളളത്.

Previous Post Next Post