കണ്ണൂർ: - വോട്ടെടുപ്പുദിവസം ആറുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊളച്ചേരി പള്ളിപ്പറമ്പ് കാരോത്തുവീട്ടിൽ റംഷീദിനെ(28)യാണ് കണ്ണൂർ എക്സൈസ് എൻഫോഴ്‌സ്‌മെൻറ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റുചെയ്തത്. ടിപ്പർ ലോറി ഡ്രൈവറായ റംഷീദ് ഇപ്പോൾ ചിറക്കലിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചുവരികയാണ്.
എക്സൈസ് എൻഫോഴ്‌സ്‌മെൻറ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സി.ഐ. കെ.സുദേവന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച 12.30-ഓടെ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിലാണ് റംഷീദ് പിടിയിലായത്. കോവിഡ് പരിശോധനയ്ക്കുശേഷം ഇയാളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) മുൻപാകെ ഹാജരാക്കി.
പ്രിവന്റീവ് ഓഫീസർമാരായ സി.കെ.ബിജു, കെ.ഷജിത്ത്, ടി.എസ്.സജി, സിവിൽ എക്സൈസ് ഓഫീസർമാരായ ജസ്ന പി.ക്ലമന്റ്, ഡ്രൈവർ കെ.ഇസ്മായിൽ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
അനധികൃത ലഹരി വില്പന തടയാൻ എക്സൈസ് വകുപ്പ് അന്വേഷണം ഊർജിതമാക്കിയതായി അസി. കമ്മിഷണർ കെ.എസ്.ഷാജി പറഞ്ഞു. പൊതുജനം ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.