ഇന്ന് ദേശീയ ഉപഭോക്തൃ ദിനം


ഉപഭോക്തൃ അവകാശ സംരക്ഷണത്തെ സംബന്ധിച്ചുള്ള ഒരു മാര്‍ഗരേഖയെ ആസ്പദമാക്കി ഒരു പ്രമേയം ഐക്യരാഷ്ട്ര സംഘടനയുടെ  പൊതുസഭ 1985 ല്‍ പാസാക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ ലോക രാഷ്ട്രങ്ങള്‍ ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയമം പാസാക്കണമെന്ന് ഐക്യരാഷ്ട്രസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അപ്രകാരം 1986 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ഉപഭോക്തൃ സംരക്ഷണ നിയമം പാസാക്കിയതിന്റെ സ്മരണ പുതുക്കിയാണ് ഡിസംബര്‍ 24ന് ദേശീയ ഉപഭോക്തൃദിനമായി ആചരിച്ചുവരുന്നത്. മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ട ഈ നിയമത്തില്‍ നാളിതുവരെ നിരവധി ഭേദഗതികള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ നിലവിലെ നിയമത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് 2018 ഡിസംബര്‍ 20-ാം തീയതി ഉപഭോക്തൃ സംരക്ഷണ നിയമം 2018 ലോക്‌സഭയില്‍ ചര്‍ച്ചപോലും ചെയ്യാതെ പാസാക്കിയിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ വര്‍ഷത്തെ ദേശീയ ഉപഭോക്തൃദിനം കടന്നുപോകുന്നത്. ആഗോളീകരണ കാലം മുതല്‍ തുടങ്ങിയ പുത്തന്‍ കച്ചവട സമ്പ്രദായരംഗം കടുത്ത മത്സരത്തിന്റെ പാതയിലാണ്. വിവരസാങ്കേതിക വിദ്യയുടെ അപാരമായ സാധ്യതകള്‍ പരമ്പരാഗത കച്ചവട സംരംഭങ്ങളെയും കച്ചവട രീതികളെയും നമ്മുടെ നാട്ടില്‍ നിന്ന് തുടച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ന് എല്ലാത്തരം ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാണ്. കച്ചവടം ചെയ്യുന്നവര്‍ക്ക് സ്ഥിരമായ ആസ്ഥാനം ആവശ്യമില്ലാത്ത ടെലിമാര്‍ക്കറ്റിങ് സംവിധാനം, മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ്, ഡയറക്ട് സെല്ലിങ് തുടങ്ങിയ നൂതന വ്യാപരരീതികള്‍ സാധാരണക്കാരായ ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് തടയുവാനും അവര്‍ ചൂഷണത്തിനു വിധേയരാകാതിരിക്കുവാനും നിലവില്‍ ഉണ്ടായിരുന്ന ഉപഭോക്തൃ സംരക്ഷണ നിയമത്തിന് സാധിക്കാതെവന്നിരുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും മറ്റുമാണ് പുതിയ നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. 2015ല്‍ പുതിയ നിയമത്തിനായി ബില്‍ അവതരിപ്പിച്ചു എങ്കിലും പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി മുമ്പാകെ പരിഗണിക്കാന്‍ സമര്‍പ്പിച്ചു. അപ്രകാരം പരിഗണിച്ചതിനു ശേഷമുള്ള ബില്‍ ആണ് 2018 ജനുവരി മാസം 5ന് ലോക്‌സഭയില്‍ അവതരിപ്പിക്കുകയും ചര്‍ച്ചപോലും കൂടാതെ 2018 ഡിസംബര്‍ 20ന് പാസാക്കുകയും ചെയ്തത്. പുതുതായി വന്ന നിയമത്തിലെ പ്രധാന നിയമവ്യവസ്ഥകള്‍ താഴെ പറയുന്നു.


1986ല്‍ രൂപീകരിച്ച നിയമത്തില്‍ ഉപഭോക്തൃ പരാതികള്‍ക്ക് പരിഹാരം കണ്ടെത്തിയിരുന്നത് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും രൂപംകൊടുത്തിരുന്ന ഉപഭോക്തൃ പരിഹാര ഫോറങ്ങളായിരുന്നു. പരാതിക്കാരന്‍ കേസ് ഫയല്‍ ചെയ്ത് തെളിവുകള്‍ ഹാജരാക്കി വിധി നേടിയെടുക്കുന്നതുവരെ നീളുന്ന പരാതി പരിഹാര സംവിധാനത്തിന്റെ സങ്കീര്‍ണതകള്‍ ധാരാളം കാലതാമസം വരുത്തിയിരുന്നു എന്നത് വസ്തുതയാണ്. നിരവധി കേസുകള്‍ തീര്‍പ്പാകാതെ ഇപ്പോഴും കെട്ടിക്കിടക്കുന്നുണ്ട്. പുതിയ നിയമത്തില്‍ നിലവിലുള്ള സംവിധാനങ്ങള്‍ക്ക് പുറമേ രൂപീകരിക്കുന്ന അതോറിറ്റി ഒരു എന്‍ഫോഴ്‌സ്‌മെന്റ് ഭരണസംവിധാനമായാണ് നിലവില്‍ വരുന്നത്. വ്യാപാരത്തിലെ അനഭിലഷണീയ നടപടികള്‍, തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങള്‍, ഉപഭോക്താക്കളുടെ അവകാശലംഘനങ്ങള്‍ തുടങ്ങിയവ പരിശോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സാധിക്കുന്ന വിധമുള്ള ഭരണനിര്‍വഹണ ഏജന്‍സി കാര്യക്ഷമത കൂട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ അതോറിറ്റിക്ക് മേല്‍പറഞ്ഞ വിഷയങ്ങളില്‍ യുക്തമായ അന്വേഷണം നടത്തുന്നതിനും അപായകരമായ ഉല്‍പ്പന്നങ്ങളെയോ, സേവനങ്ങളെയോ വിപണിയില്‍ നിന്നും തിരികെ വിളിപ്പിക്കുന്നതിനും ഉപഭോക്താവില്‍ നിന്നും ഈടാക്കിയ പണം തിരികെ നല്‍കുന്നതിനും തെറ്റായ പരസ്യങ്ങള്‍ നല്‍കിയവര്‍ക്ക് പിഴ ചുമത്തുന്നതിനും അനഭിലഷണീയമായ വ്യാപാര നടപടികള്‍ നിറുത്തിവയ്ക്കുന്നതിനും അടക്കമുള്ള അധികാരമുള്ളതും ആയതിനുവേണ്ടി ഉത്തരവുകള്‍ ഇറക്കാവുന്നതുമാണ്.


മോശമായ ഉല്‍പ്പന്നങ്ങളോ സേവനമോ വാങ്ങി ഉപയോഗിക്കുന്നതുവഴി ഒരു ഉപഭോക്താവിന് ഉണ്ടാകുന്ന നഷ്ടവും ദോഷവും പരിഹരിക്കുവാന്‍ ഉല്‍പ്പന്നത്തിന്റെ നിര്‍മാതാവിനെയും ഉല്‍പ്പന്നം വില്‍ക്കുന്നവരെയും ഉത്തരവാദിത്വപ്പെടുത്തുന്ന വ്യവസ്ഥകള്‍ പുതിയ നിയമത്തിലുണ്ട്. ഉല്‍പാദകന്റെ മനഃപൂര്‍വമായ വീഴ്ചമൂലമല്ല മേല്‍പറഞ്ഞ നഷ്ടം ഉണ്ടായിട്ടുള്ളതെങ്കില്‍ക്കൂടിയും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ സാധ്യമല്ല. ഉല്‍പ്പാദകന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഭിന്നമായതെങ്കിലും ഉല്‍പ്പന്ന വിതരണക്കാരനും മേല്‍പറഞ്ഞ വിഷയത്തില്‍ ഉത്തരവാദിത്വങ്ങള്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഉല്‍പ്പാദകനോ സേവന ദാതാവോ തന്റെ ഉപഭോക്താവുമായി കരാര്‍ വയ്ക്കുകവഴി ഉല്‍പ്പന്നങ്ങളുടെയോ സേവനത്തിന്റെയോ വീഴ്ചയെപ്പറ്റി പരാതിപ്പെടാനുള്ള അവസരങ്ങള്‍ ഉപഭോക്താവിന് നഷ്ടമാകുന്ന ചില സാഹചര്യങ്ങള്‍ നിലവില്‍ പ്രചാരത്തിലുണ്ട്. അത്തരം കരാറുകള്‍ വഴി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നവര്‍ക്കെതിരെ നിയമപരമായി പരാതിപ്പെടുവാനുള്ള വ്യവസ്ഥകള്‍ പുതിയ നിയമത്തിലുണ്ട്.

പഴയ നിയമത്തില്‍ ആറിനം വ്യാപാര നടപടികളെ അനഭിലഷണീയമായവ എന്ന് വിവക്ഷിച്ചിരുന്നു. അവയുടെകൂടെ മൂന്നിനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തിരിക്കുന്നു പുതിയ നിയമത്തില്‍. അവ താഴെ പറയുന്നു.


എ. ഉല്‍പ്പന്നമോ സേവനമോ വിതരണം ചെയ്യുമ്പോള്‍ ബില്‍ നല്‍കാതിരിക്കുക

ബി. ഒരിക്കല്‍ വിറ്റ സാധനങ്ങള്‍ അവ മോശമാണെങ്കില്‍ നിശ്ചിത തീയതിക്കകം തിരിച്ചെടുക്കാനുള്ള വ്യവസ്ഥ ലംഘിക്കുകയോ അത്തരം വ്യവസ്ഥകള്‍ ഇല്ലെങ്കില്‍ 30 ദിവസത്തിനകം തിരിച്ചെടുക്കാതിരിക്കുകയോ ചെയ്യുന്ന നടപടി.

സി. ഒരു ഉപഭോക്താവ് തന്റെ ആവശ്യത്തിനായി ഒരു ഉല്‍പ്പന്നമോ സേവനമോ വാങ്ങുന്ന സമയം സേവന ദാതാവിനോടോ ഉല്‍പ്പാദകനോടോ വെളിപ്പെടുത്തിയ സ്വകാര്യ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് വെളിപ്പെടുത്തിയാല്‍ ഉല്‍പ്പാദകരോ സേവന ദാതാവോ ചെയ്യുന്ന അനഭലഷണീയ നടപടിയായി അത് കണക്കാക്കും.


തര്‍ക്ക പരിഹാരഫോറങ്ങളുടെ അധികാര പരിധി ഉയര്‍ത്തല്‍

ജില്ലാതല തര്‍ക്ക പരിഹാര ഫോറങ്ങള്‍ മുമ്പ് 20 ലക്ഷം വരെയുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടിരുന്നു. പുതിയ നിയമം അത് ഒരു കോടി രൂപയാക്കി ഉയര്‍ത്തി. ജില്ലാതല തര്‍ക്ക പരിഹാര ഫോറം ഇനിമേല്‍ ജില്ലാ തര്‍ക്ക പരിഹാര കമ്മിഷന്‍ എന്നറിയപ്പെടും.

സംസ്ഥാന കമ്മീഷനുകള്‍ക്ക് 10 കോടി രൂപ വരെയുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാം.

പത്തു കോടി രൂപയ്ക്കുമേല്‍ തര്‍ക്കപരിഹാരങ്ങള്‍ക്ക് ദേശീയ കമ്മിഷനുകള്‍ക്ക് അധികാരം

മുമ്പ് തര്‍ക്കങ്ങള്‍ ഫയല്‍ ചെയ്തിരുന്നത് സാധനമോ സേവനമോ വാങ്ങിയ സ്ഥലത്തോ അല്ലെങ്കില്‍ ഉല്‍പ്പാദകന്റെയോ സേവന ദാതാവിന്റെയോ ജില്ലയിലോ ആയിരുന്നെങ്കില്‍ ഇനി മുതല്‍ പരാതിക്കാരനായ ഉപഭോക്താവിന്റെ വാസസ്ഥലം സ്ഥിതി ചെയ്യുന്ന ജില്ലയിലും ഫയല്‍ ചെയ്യാം.

തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലാക്കല്‍ വ്യവസ്ഥകള്‍

മുന്‍കാലത്ത് ഉപഭോക്തൃ തര്‍ക്കങ്ങള്‍ പരസ്പരം ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ രമ്യമായി പരിഹരിക്കുന്നതിനായി ഒരു മീഡിയേഷന്‍ സെല്‍ രൂപവല്‍ക്കരിക്കാന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. പഴയ നിയമത്തില്‍ മീഡിയേഷന്‍ സംബന്ധിച്ചുള്ള സെല്ലുകള്‍ നിലനിന്നിരുന്നില്ല.


ഇ കോമേഴ്‌സ് വ്യാപാരങ്ങള്‍

മള്‍ട്ടി ലവല്‍ വ്യാപാരം, ഓണ്‍ലൈന്‍ വ്യാപാരം, ഇലക്‌ട്രോണിക് സേവന ദാതാക്കള്‍ തുടങ്ങിയ പുതിയതരം വ്യാപാര സമ്പ്രദായങ്ങളിലെ അനഭലഷണീയ നടപടികള്‍ ഉപഭോക്തൃ അവകാശ ധ്വംസനങ്ങള്‍ നടത്തുന്നുണ്ട് എങ്കില്‍ അവയെ ഫലപ്രദമായി തടയുവാന്‍ യുക്തമായ വ്യവസ്ഥകള്‍ പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

എന്നിരുന്നാലും നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സംവിധാനത്തെ തകര്‍ത്തെറിയുന്ന ചില വ്യവസ്ഥകള്‍ പുതിയ നിയമത്തിലുണ്ട് എന്നത് ഒരു കല്ലുകടിയായി നിലനില്‍ക്കുന്നുണ്ട്. കേന്ദ്രീകൃതമായ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി എന്നത് പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന കേന്ദ്രമാണ്. നിലവില്‍ സംസ്ഥാനത്തെ ഉപഭോക്തൃ കമ്മിഷനുകളിലെ അംഗങ്ങള്‍, പ്രസിഡന്റുമാര്‍ എന്നിവരുടെ നിയമനത്തിനായി സംസ്ഥാന സര്‍ക്കാരിലെ ഉപഭോക്തൃകാര്യവകുപ്പ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, സംസ്ഥാന ഉപഭോക്തൃ കമ്മിഷന്‍ ചെയര്‍മാന്‍ എന്നിവര്‍ അടങ്ങിയ ഒരു സെലക്ഷന്‍ കമ്മിറ്റി പഴയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ പുതിയ നിയമത്തില്‍ മേല്‍പറഞ്ഞ സെലക്ഷന്‍ കമ്മിറ്റിയെ ഒഴിവാക്കിയിരിക്കുന്നു. പൂര്‍ണമായും ന്യായാധിപ സ്വഭാവമുള്ള തര്‍ക്കപരിഹാര ഫോറത്തിലെ അധ്യക്ഷസ്ഥാനത്ത് ജില്ലാ ന്യായാധിപരോ ജില്ലാ ന്യായാധിപരുടെ യോഗ്യതയോ ഉള്ളവരെയായിരുന്നു തെരഞ്ഞെടുത്തിരുന്നതെങ്കില്‍ പുതിയ നിയമത്തില്‍ അത്തരം യോഗ്യതകള്‍ ഒഴിവാക്കി ഉപഭോക്തൃകാര്യ വകുപ്പ് കണ്‍കറണ്ട് ലിസ്റ്റില്‍പ്പെട്ട വിഷയമായതിനാലും സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കേണ്ടതിനാലും ഈ നിയമത്തിലെ ജനാധിപത്യ വിരുദ്ധമായ ഘടകങ്ങള്‍ തിരുത്തപ്പെടേണ്ടതാണ്.

Previous Post Next Post