ഇരിക്കൂർ: ഇരിക്കൂർ - പാവന്നൂർ മൊട്ട റോഡിന്റെയും, മയ്യിൽ കാഞ്ഞിരോട് റോഡിന്റെയും പണി ആരംഭിച്ചിട്ട് വർഷങ്ങളായിട്ടും പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു.
വർഷങ്ങളായി ജനങ്ങൾ പൊടിപടലങ്ങൾ സഹിച്ച് ജീവിതം ദുരിതപൂർണമായ സാഹചര്യത്തിലാണ് ഉള്ളതെന്ന് സമരത്തിന് നേതൃത്വം നൽകിയ കെ പി സി സി ന്യൂനപക്ഷ സെൽ സംസ്ഥാന കൺവീനർ പി.പി സിദ്ദിഖ് പറഞ്ഞു. തളിപ്പറമ്പ നിയോജക മണ്ഡലത്തിലൂടെ കൂടുതലായും കടന്ന് പോകുന്ന റോഡ് പുന:രുദ്ധരിക്കാൻ എം. എൽ എയുടെ ഭാഗത്ത് നിന്ന്നിരുത്തരവാദിത്വ പൂർണ്ണമായ സമീപനമാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജഗദീഷുമായുള്ള ചർച്ചയിൽ രണ്ടാഴ്ചക്കുള്ളിൽ പണി ആരംഭിക്കുമെന്ന് രേഖാമൂലം ഉറപ്പു ലഭ്യമായതിനെ തുടർന്ന് ഉപരോധ സമരം അവസാനിപ്പിച്ചു.
സമരത്തിന് മാണിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സതീശൻ ,യൂത്ത് കോൺഗ്രസ് നേതാക്കളായ ,നിസാം മയ്യിൽ, സുമേഷ് അരക്കൻ , പ്രജീഷ് വിഷ്ണു കടൂർ, ഷിജു പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.