കേരളം പൊള്ളുന്നു, ജാഗ്രത വേണമെന്ന് ദുരന്തനിവാരണ സമിതി


സംസ്ഥാനത്ത് ചൂട് കൂടുന്നു. 35-37 ഡിഗ്രി സെല്‍ഷ്യസാണ് സംസ്ഥാനത്ത് നിലവിലെ ഉയര്‍ന്ന ശരാശരി താപനില. ഈ മാസം അഞ്ചുദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് സംസ്ഥാനത്തായിരുന്നു. കോട്ടയം, കണ്ണൂര്‍, പുനലൂര്‍, ആലപ്പുഴ മേഖലകളിലാണ് രാജ്യത്തെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.

23-ന് രാജ്യത്ത് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ് (37 ഡിഗ്രി സെല്‍ഷ്യസ്). 20-ന് കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളിലായിരുന്നു ഉയര്‍ന്ന താപനില (36). 14-ന് പുനലൂര്‍ (35.5), 11-ന് കോട്ടയം (36), 10-ന് ആലപ്പുഴ (35.2) എന്നിവിടങ്ങളിലാണ് രാജ്യത്തെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.

സംസ്ഥാന ദുരന്ത നിവാരണസമിതി സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് ജനങ്ങള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം, നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കരുതണം, പരമാവധി ശുദ്ധജലം കുടിക്കുക, ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നതു തുടരുക, നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയവ പകല്‍സമയത്ത് ഒഴിവാക്കുക, നട്ടുച്ചയ്ക്ക് പാചകത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക, പുറത്തേക്കിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക, അയഞ്ഞ, ഇളംനിറത്തിലുള്ള പരുത്തിവസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണു പുറപ്പെടുവിച്ചിരിക്കുന്നത്.

Previous Post Next Post