പറശ്ശിനിക്കടവ് കേന്ദ്രമായി പ്രവർത്തിക്കുന്നതാണ് നന്മ ടൂറിസം ബോട്ട് ക്ലബ്ബ്. ബോട്ട് തൊഴിലാളികളുൾപ്പെടെ എട്ടുപേർ ചേർന്ന് ഒരു കോടിയോളം രൂപ ചെലവിലാണ് ആഡംബര ഹൗസ്ബോട്ട് നിർമിച്ചത്. ക്ലബ്ബിന്റെ പുതുവത്സര സമ്മാനമെന്ന നിലയിലാണ് ബോട്ട് നീറ്റിലിറക്കുന്നത്.
96 പേർക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. ശീതീകരിച്ച മാസ്റ്റർ ബെഡ്റൂം, വിശാലമായ കോൺഫറൻസ് ഹാൾ, ലൈറ്റിങ് സംവിധാനം, പുതിയ കാലത്തിന് അനുയോജ്യമായ സൗണ്ട് സിസ്റ്റം, വിശാലമായ അടുക്കള, നാടൻ ഭക്ഷ്യ വിഭവങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ജലറാണിയിൽ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികൾക്ക് കുളിക്കാനും മീൻപിടിക്കാനും സൗകര്യമുണ്ട്. വിവാഹം, വിവാഹ നിശ്ചയം, വിവാഹ വാർഷികം, ജന്മദിന പാർട്ടി, കുടുംബസംഗമം, ഡി.ജെ. പാർട്ടി, സഹപാഠി സംഗമം തുടങ്ങിയ പരിപാടികൾ നടത്താനും അനുയോജ്യമാണ് ബോട്ട്.
നന്മ ടൂറിസം ക്ലബ്ബിന്റെ പ്രഥമ സംരംഭമാണിത്. പറശ്ശിനിക്കടവിൽ നിന്നാരംഭിച്ച് മയ്യിൽ വരെയും തിരിച്ച് പറശ്ശിനിവഴി വളപട്ടണംപുഴ വഴിയുമാണ് ബോട്ടിന്റെ സഞ്ചാര പാതയെന്ന് ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ മാനേജിങ് പാർട്ണർ കെ.വി.സുനിൽ, പാർട്ണർമാരായ രാജേഷ് ചാലാട്, കെ.സത്യൻ, കെ.വി.ബിജു, കെ.രൂപേഷ്, പി.പി.നൗഷാദ്, ആർക്കിടെക്ട് മധുകുമാർ എന്നിവർ പങ്കെടുത്തു.