മയ്യിൽ: മയ്യിലിൽ പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകൻ യു. ബാലകൃഷ്ണൻ കാറിടിച്ച് മരിച്ച സംഭവത്തിൽ കാർ ഡ്രൈവറുടെ രേഖാചിത്രം തയാറാക്കി പോലീസ്. 30-35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ രേഖാ ചിത്രമാണ് തയാറാക്കിയിരിക്കുന്നത്. അപകടത്തിന് ശേഷം കാർ ഡ്രൈവർ പുറത്തിറങ്ങി ബാലകൃഷ്ണന്റെ അടുത്തെത്തിയതായി പ്രഭാത സവാരി നടത്തുകയായിരുന്ന സ്ത്രീകൾ പോലീസിന് മൊഴി നൽകിയിരുന്നു. ഇവരുടെ സഹായത്തോടെയാണ് രേഖാചിത്രം തയാറാക്കിയിരിക്കുന്നത്.
അപകടത്തിനിടയാക്കിയ വെള്ള സാൻഡ്രോ കാർ മട്ടന്നൂരിൽ നിന്നും മയ്യിൽ വഴി കാഞ്ഞങ്ങാട് വരെ എത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. സംഭവ ദിവസം രാവിലെ ഏഴോടെ കാഞ്ഞങ്ങാട്ടെ സിസിടിവിയിൽ നിന്നുള്ള കാറിന്റെ ദൃശ്യം മയ്യിൽ പോലീസിന് ലഭിച്ചു. ഇടിച്ച ശേഷം കാർ മുല്ലക്കൊടി റോഡിലൂടെ തളിപ്പറമ്പിലെത്തി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു. പിന്നീട് കാർ എങ്ങോട്ട് പോയെന്നോ കാർ നമ്പർ ഉൾപ്പെടെയുള്ള മറ്റു വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
കഴിഞ്ഞ 23-ന് പുലർച്ചെ 5.30 ഓടെ ചെക്യാട്ട്കാവ് പപ്പാസ് ഹോട്ടലിന് സമീപമായിരുന്നു അപകടം നടന്നത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ബാലകൃഷ്ണനെ എതിരേ വന്ന കാർ ഇടിക്കുകയായിരുന്നുവെന്നു പറയുന്നു.