മയ്യിൽ: നിരവധി അപകടങ്ങൾക്കും ഒരാളുടെ മരണത്തിനും പരിസര മലീനീകരണത്തിനുമിടയാക്കിയ മയ്യിൽ റോഡരികിലെ പഴകിത്തുരുമ്പെടുത്ത വാഹനങ്ങൾ നീക്കിത്തുടങ്ങി.
മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ കേസുകളിൽ പിടികൂടിയ നൂറിലധികം വാഹനങ്ങളാണ് സൂക്ഷിക്കാൻ സ്ഥലമില്ലാതെ പത്തുവർഷത്തിലേറെയായി റോഡരികിൽ നിർത്തിയിട്ടിരുന്നത്. വീടുകൾക്കും കടകൾക്കുംമുൻപിലെ വാഹനങ്ങൾ നീക്കാൻ കളക്ടർ മുതൽ വിവിധ വകുപ്പ് തലവൻമാർക്കുവരെ പരാതിനൽകിയെങ്കിലും ഒന്നും ഫലംകണ്ടിരുന്നില്ല.
ഇതിനിടെ നിരവധി വാഹനാപകടങ്ങളും പ്രഭാതസവാരിക്കിറങ്ങിയ റിട്ട. അധ്യാപകൻ വാഹനമിടിച്ച് മരിക്കുകയും ചെയ്തത് ഉന്നതങ്ങളിൽ ചർച്ചയായിരുന്നു. കഴിഞ്ഞ വർഷം കോടതിയുത്തരവിനെത്തുടർന്ന് വാഹനം നീക്കാൻ തുടങ്ങിയിരുന്നെങ്കിലും കോവിഡ് വ്യാപന പ്രതിസന്ധിയിൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പുതുതായി തിരഞ്ഞെടുത്ത മയ്യിൽ പഞ്ചായത്ത് ഭരണസമിതിയുടെ സ്ഥിരമായ പരിശ്രമത്തിലൂടെയാണ് ഇപ്പോൾ വാഹനം നീക്കാൻ തീരുമാനമായത്. ചക്കരക്കല്ലിലെ യാർഡിലേക്കാണ് വാഹനങ്ങൾ കൊണ്ടുപോകുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിഷ്ണ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ മാണിക്കോത്ത് രവി, മറ്റ് പഞ്ചായത്തംഗംങ്ങൾ, സിവിൽ പോലീസ് ഓഫീസർ വിനോദ്, ഡ്രൈവർ വിവേക് എന്നിവരാണ് നേതൃത്വം നൽകുന്നത്. ഒരാഴ്ചയ്ക്കകം വാഹനങ്ങൾ പൂർണമായും നീക്കുമെന്ന് രവി മാണിക്കോത്ത് അറിയിച്ചു.