മയ്യിൽ :- നാട്ടുകാരുടെ മൂന്നുവർഷത്തെ മുറവിളിയെ തുടർന്ന് മെക്കാഡം ടാറിങ് ചെയ്ത റോഡ് പുതുമഴയിൽത്തന്നെ നശിച്ചു. മയ്യിൽ-കാഞ്ഞിരോട് റോഡിന്റെ മയ്യിൽ ടൗണിൽനിന്ന് നിരത്തുപാലത്തേക്കുള്ള ഇറക്കത്തിലും കാര്യാംപറമ്പിൽനിന്ന് നിരത്തുപാലത്തേക്കുള്ള ഇറക്കത്തിലുമാണ് ഇരുഭാഗവും ഒരുമീറ്റർ ആഴത്തിൽ മണ്ണിളകിയൊലിച്ച് ടാറിങ് നശിച്ചത്. സമീപത്തായി കെട്ടിയുയർത്തിയ കരിങ്കൽഭിത്തി അപകടഭീഷണിയിലുമാണ്.
റോഡിനടിയിലെ മണ്ണിളകിയതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ നാട്ടുകാർ റോഡിൽ കല്ലും മരത്തടിയും വെച്ചിരിക്കയാണ്. ചിലയിടങ്ങളിൽ മണ്ണ് സമീപത്തെ പറമ്പുകളിലും വീടുകളിലേക്കും കുത്തിയൊലിച്ചിറങ്ങി .
അശാസ്ത്രീയമായ ഓവുചാൽ നിർമാണമാണ് നാശനഷ്ടത്തിനിടയാക്കിയതെന്നാണ് ആരോപണം. ഓവുചാലിൽനിന്ന് മാറ്റാത്ത രണ്ട് വൈദ്യുതത്തൂണുകളും നശിക്കാനിടയായിട്ടുണ്ട്. മൂന്നര വർഷം മുമ്പ് പ്രവൃത്തിയാരംഭിച്ച മയ്യിൽ-കാഞ്ഞിരോട് റോഡ് നവീകരണത്തിന്റെ ഒന്നാംഘട്ടം ടാറിങ്ങ് നാട്ടുകാരുടെ പ്രക്ഷോഭത്തെത്തുടർന്നാണ് തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പൂർത്തീകരിച്ചത്. ഉറവയുള്ള ഈ പ്രദേശത്ത് റോഡ് മഴക്കാലത്ത് പൂർണ്ണമായും തകരാനാണ് സാധ്യതയെന്ന് പ്രദേശവാസികൾ പറഞ്ഞു.
മഴവെള്ളം ഒഴുകിയിരുന്ന റോഡരികിലെ ഓവുചാൽ പാതിക്കുനിർത്തിയത് മഠത്തുകുന്നുമ്മൽ വി.പ്രീതയുടെ പുതുതായി നിർമിക്കുന്ന വീട്ടിലേക്ക് മണ്ണും മെറ്റലും ഒഴുകിയെത്താനിടയാക്കി. വീടിനുസമീപത്തായി ഇറക്കിയ രണ്ട് ലോഡ് മണലും മെറ്റലും ചെളിക്കടിയിലാവുകയുംചെയ്തു. നിരത്തുപാലത്തെ അള്ളോത്തിൽ അബ്ദുള്ളയുടെ വീട്ടുമുറ്റത്ത് ചരലും മണ്ണും നിറഞ്ഞു. റോഡിൽ ചരലും മണ്ണും നിറഞ്ഞ്് വാഹനഗതാഗതം നിലച്ചിരുന്നു. നാട്ടുകാർ പിന്നീട് റോഡ് ശുചീകരിച്ചു.