കണ്ണാടിപ്പറമ്പ് :- കൊളച്ചേരി വാർത്തകൾ online ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ വാർത്തയെ തുടർച്ച് പഞ്ചായത്തിൻ്റെ ശ്രമഫലമായി യാത്രക്കാർക്ക് ഭീഷണിയുയർത്തിയ പുല്ലൂപ്പി പാലത്തിനടുത്തുള്ള നടുറോഡിലെ ഉണങ്ങിയ തണൽമരം പഞ്ചായത്ത് അധികൃതർ മുറിച്ചുമാറ്റി. ഇതോടെ ഇതുവഴിയുള്ള വാഹനങ്ങൾക്കും കാൽനട യാത്രികർക്കും സവാരിക്കെത്തുന്നവർക്കുമുള്ള ഭീതിയൊഴിഞ്ഞു.
കണ്ണാടിപ്പറമ്പ്-പുല്ലൂപ്പിക്കടവ് റോഡിലെ പാലത്തിനു സമീപത്ത് സ്ഥിതി ചെയ്യുന്ന നടുറോഡിലെ തണൽമരമാണ് ഉണങ്ങി ദ്രവിച്ചത്. മരം മുറിച്ചു മാറ്റി അപകട ഭീഷണി ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് രമേശൻ വിഷയം പിഡബ്ല്യുഡി അധികൃതരെ അറിയിച്ച് അനുമതി വാങ്ങിയ ശേഷമാണ് മുറിച്ചുമാറ്റിയത്. ഇന്ന് രാവിലെ 10നു ജോലിക്കാരെത്തി മരം മുറിച്ചുമാറ്റുകയായിരുന്നു. പൊതുപ്രവർത്തകനായ സഹജനാണ് മരംമുറിച്ചുമാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകിയത്. പ്രകൃതിരമണീയമായ ഇവിടെ നേരത്തേ ഉണ്ടായിരുന്ന തണൽ മരം സംരക്ഷിച്ചാണ് റോഡ് നിർമ്മിച്ചത്. ഇതിനെ പലരും പ്രശംസിക്കുകയും യാത്രക്കാരുടെ സെൽഫി സ്പോട്ടായി മാറുകയും ചെയ്തിരുന്നു. എന്നാൽ, ഈയിടെ ഇലകളെല്ലാം പൊഴിഞ്ഞ് ദ്രവിച്ച് അപകട ഭീഷണി ഉയർത്തിയതോടെയാണ് മുറിച്ചുമാറ്റണമെന്ന ആവശ്യമുയർന്നത്.
മയ്യിൽ, കൊളച്ചേരി, കണ്ണാടിപ്പറമ്പ് ഭാഗത്തുനിന്നുള്ള നിരവധി വാഹനങ്ങളാണ് ഇതുവഴി കണ്ണൂരേക്കും തിരിച്ചും പോവുന്നത്.