ന്യൂഡൽഹി: - കാനഡയിലേക്കുള്ള യാത്രയിൽ എത്യോപ്യയിൽ കുടുങ്ങിയ 31 ഇന്ത്യൻ വിദ്യാർഥികൾക്ക് കെ. സുധാകരൻ എം.പി.യുടെ അടിയന്തര ഇടപെടലിലൂടെ യാത്രാനുമതി ലഭിച്ചു. കൊച്ചിയിൽനിന്നു യാത്രതിരിച്ച 40 പേരുൾപ്പെട്ട സംഘമാണ് അധികൃതരുടെ പരിശോധന വൈകിയതിനാൽ മൂന്നുദിവസത്തോളം ആഡിസ് അബാബയിൽ കുടുങ്ങിയത്.
യാത്രാനുമതി കിട്ടാതെ ബുദ്ധിമുട്ടിലായ ചില വിദ്യാർഥികളുടെ രക്ഷാകർത്താക്കൾ വിവരം പേരാവൂർ എം.എൽ.എ. അഡ്വ. സണ്ണി ജോസഫിന്റെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹം വിവരം സുധാരകനെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയവുമായും അഡിസ് അബാബയിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട് സുധാകരൻ കനേഡിയൻ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് 31 പേർക്ക് തുടർയാത്രാനുമതി ലഭിച്ചത്. എട്ടുപേർക്ക് യാത്രചെയ്യാനുള്ള അനുമതി ഇനിയും ലഭിക്കാനുണ്ട്.