കൊളച്ചേരി ( ഭാരതീയനഗർ) :- ജന്മനാടിൻ്റെ സ്വാതന്ത്ര്യത്തിനും കർഷകരുടെ അവകാശങ്ങൾക്കും വേണ്ടി സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും കനൽവഴികൾ താണ്ടിയ പോരാളിയാണ് വിഷ്ണു ഭാരതീയനെന്ന് ചരിത്രകാരൻ ഡോ.അജയകുമാർ കോടോത്ത് പറഞ്ഞു.
വിഷ്ണുഭാരതീയൻ്റെ നാല്പതാം ചരമവാർഷിക ദിനത്തിൽ കെ.എസ് & എ സി സംഘടിപ്പിച്ച ഓൺലൈൻ അനുസ്മരണത്തിൽ ഗാന്ധിസവും മാർക്സിസവും സമകാലിക ഇന്ത്യയിൽ എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയ പ്രവർത്തനമെന്നത് ഉപജീവന മാർഗമായി കരുതുന്നവർ കൂടി വരുന്ന ഇക്കാലത്ത് ഉള്ളതെല്ലാം നാടിന് സമർപ്പിച്ച് കൊടിയ ദാരിദ്ര്യവും പട്ടിണിയും ജയിൽവാസവും മർദ്ദനങ്ങളും സഹിച്ച് ഇവർ നടത്തിയ പോരാട്ടങ്ങൾ പുതു തലമുറകൾക്ക് പാഠമാവേണ്ടതാണ്. അദ്ദേഹം പറഞ്ഞു. ഇന്നത്തെ ലോകത്ത് സാമ്രാജ്യത്വത്തിനും കോർപ്പറേറ്റ് അധിനിവേശത്തിനുമെതിരെ കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുന്ന രണ്ട് പ്രത്യയശാസ്ത്രങ്ങളാണ് മാർക്സിസവും ഗാന്ധിസവും. ആശയപരമായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പോലും സമകാലിക ഇന്ത്യയിൽ ഈ രണ്ട് പ്രത്യയശാസ്ത്രങ്ങളുടെയും യോജിപ്പ് ആവശ്യമായി വന്നിരിക്കയാണ്.
2014 മുതൽ ഇന്ത്യ ഭരിച്ചു കൊണ്ടിരിക്കുന്ന സർക്കാർ ജനാധിപത്യ മതേതര മൂല്യങ്ങൾ അട്ടിമറിക്കുകയാണ്.ഇന്ത്യ ഒരു മതേതര രാജ്യമെന്നതിൽ നിന്ന് ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നു. ഇന്ത്യൻ ഭരണഘടന തന്നെ തിരുത്തിയെഴുതാൻ പോവുന്നു. ജനങ്ങളെ സാമൂഹികമായി ശിഥിലീകരിക്കുന്നു. സുരക്ഷിതരല്ല എന്ന തോന്നൽ ഉണ്ടാക്കി ഭിന്നിപ്പിച്ചു ഭരിക്കുന്ന ബ്രിട്ടീഷ് തന്ത്രമാണ് പ്രയോഗിക്കുന്നത്.ഇന്ത്യ ഇന്ത്യയായ് നിലനിൽക്കണമെങ്കിൽ വർഗീയ ഫാസിസത്തിനെതിരായ വിശാലമായ മതേതര ജനാധിപത്യ പ്രസ്ഥാനം ഉയർന്നു വരേണ്ടതുണ്ട്. അതിന് കോൺഗ്രസും ഇടതുപക്ഷവും മറ്റു ജനാധിപത്യ പാർട്ടികളും പ്രാദേശിക കക്ഷികളും കൈകോർക്കേണ്ടതുണ്ട്.
വിഷ്ണു ഭാരതീയനെപ്പോലെ നാടിൻ്റെ സ്വാതന്ത്ര്യത്തിനായി പടപൊരുതിയവരോട് അങ്ങനെയാണ് നീതി കാണിക്കേണ്ടത് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡൻ്റ് വി.വി.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു സെക്രട്ടരി വിജേഷ്നണിയൂർ സ്വാഗതവും രജിത്ത്.എ.വി നന്ദിയും പറഞ്ഞു.