കൊളച്ചേരി :- മിഴിയടഞ്ഞ തെരുവ് വിളക്കുകൾ നാട്ടിൽ ധാരാളം, ഇവ കത്തിക്കാനുള്ള സംവിധാനങ്ങളൊന്നും പഞ്ചായത്തിനു കൈയിലുമില്ല.. ജനങ്ങൾ തെരുവ് വിളക്കുകൾ കത്താത്തത് അധികാരികളുടെയോ ജനപ്രതിനിധികളുടേയോ ശ്രദ്ധയിൽ പെടുത്തിയാൽ ഇത് കരാർ കൊടുക്കുകയാണെന്നും അവർ വരുമ്പോൾ നന്നാക്കി തരുമെന്ന മറുപടിയാണ് ലഭിക്കുന്നത്.
എപ്പോൾ വരുമെന്ന് അറിയാത്ത കരാറു പണിക്കാരെ കാത്ത് നാട്ടിലെ തെരുവ് വിളക്കുകൾ മിഴിയടഞ്ഞ് കിടക്കുകയാണ്.നിലവിലെ ചട്ടമനുസരിച്ച് തെരുവിളക്കുകളുടെ സ്ഥാപനവും പരിപാലനവും പഞ്ചായത്തുകളുടെ ചുമതലയാണ്.
കുറെ കാലങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇവർ വന്ന് "ശരിയാക്കി " പോയാലും ലൈറ്റുകൾ തുടർന്നും കത്താത്ത ഇടങ്ങളും അനവധിയാണ്.. ഇത് ശ്രദ്ധയിൽപ്പെടുത്തിയാൽ കരാറുകാരുടെ അടുത്ത വരവിനായി കാത്തിരിക്കാനാണ് പഞ്ചായത്ത് അധികൃതരുടെ മറുപടി..തെരുവ് വിളക്ക് നന്നാക്കാൻ വരുന്ന കരാറുകാരുടെ വരവിനായി കണ്ണും നട്ട് കാത്തിരിക്കേണ്ട ദുരവസ്ഥയാണ് നാട്ടുകാർക്ക് ഉള്ളത്.
പഞ്ചായത്ത് ഈ വിഷയത്തിൽ കൈകൊള്ളുന്ന സമീപനത്തിൽ മാറ്റം വരുത്തി തെരുവ് വിളക്കുകൾ മുഴുവൻ കത്തിക്കാനുള്ള നടപടികൾ ഉടൻ കൈകൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.