തളിപ്പറമ്പ് :- ഇന്നലെ ഓൺലൈനായി നടത്തിയ തളിപ്പറമ്പ് നഗരസഭായോഗം ബഹളത്തിൽ മുങ്ങി. 41 അജൻഡകൾ ഓൺലൈനായി ചർച്ചചെയ്യുന്നതിനെതിരേ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും എതിർപ്പുണ്ടായിരുന്നു. മുസ്ലിംം ലീഗ് ഭരണം നടത്തുന്ന നഗരസഭയാണ് തളിപ്പറമ്പ് നഗരസഭ. മുസ്ലീം ലീഗിലെ മുർഷിദ കൊങ്ങായി ആണ് മുൻസിപ്പൽ ചെയർപേഴ്സൻ. കോൺഗ്രസ്സ് അംഗം കല്ലിിങ്കീൽ പത്മനാഭനാണ് വൈസ് ചെയർമാൻ.
ഒന്നാമത്തെ അജൻഡയിൽ തന്നെ എതിർപ്പുകളുണ്ടായി. ഭരണപക്ഷത്തെ ഏഴ് അംഗങ്ങളും അജൻഡകളിൽ എതിർപ്പ് പ്രകടിപ്പിച്ചു. 41 അജൻഡകൾ ഓൺലൈനിൽ ചർച്ചചെയ്യുന്നതിലെ പ്രയാസം സ്ഥിരം സമിതി അധ്യക്ഷ എം.കെ. ഷബിത ചൂണ്ടിക്കാട്ടി. വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ ഇതിനെ വിമർശിച്ചപ്പോൾ മുസ്‌ലിം ലീഗ് അംഗങ്ങളിൽ ഒരു വിഭാഗത്തെ ക്ഷുഭിതരാക്കി.
എന്നാൽ ബഹളത്തിനിടയിൽ അജൻഡകൾ ഓരോന്നായി വായിച്ച് ഒരുമണിക്കൂർകൊണ്ട് നഗരസഭാധ്യക്ഷ മുർഷിദാ കൊങ്ങായി യോഗം അവസാനിപ്പിച്ചു.
ഭരണപക്ഷത്തുനിന്നുപോലും വിയോജിപ്പുണ്ടായിട്ടും അജൻഡയുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് പ്രതിപക്ഷത്തുനിന്നുള്ള ഒ. സുഭാഗ്യം പറഞ്ഞു.
യോഗം കൂടുതൽ സമയവും ബഹളത്തിൽ മുങ്ങി. കൗൺസിൽ ചേർന്നത് അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി സി.പി.എം. കൗൺസിലർമാരും ആറ് ലീഗ് കൗൺസിലർമാരും നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി.
കഴിഞ്ഞ ഓൺലൈൻ കൗൺസിൽ യോഗവും മുസ്ലിംലീഗിലെ അള്ളാംകുളം വിഭാഗത്തിലെ ഏഴു കൗൺസിലർമാർ ബഹിഷ്ക്കരിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിൽ തുടർന്ന് ചേർന്ന യോഗം നഗരസഭാ കൗൺസിലിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതായി ആരോപിക്കുകയും ചെയ്തിരുന്നതാണ്.