കൊട്ടിയൂർ :- വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി അക്കരെ കൊട്ടിയൂരിലേക്ക് കലംവരവ് ഇന്ന് നടക്കും അതോടെ മൂന്നുനാള്‍ നീളുന്ന ഗൂഢപൂജയായ കലംപൂജയ്ക്ക് തുടക്കമാവും.
മകം നാളായ ബുധനാഴ്ച ഉച്ചശീവേലി പൂര്‍ത്തിയാകും മുമ്പ് സ്ത്രീകള്‍ അക്കരെ ക്ഷേത്രത്തില്‍നിന്നും പുറത്തുകടക്കണം എന്നതാണ് രീതി.
ശീവേലി കഴിഞ്ഞ് തിടമ്പിറക്കിക്കഴിഞ്ഞ് ആനയൂട്ടിനുശേഷം ആനകള്‍ പടിഞ്ഞാറേ നട വഴി പിന്നോട്ടു നടന്ന് ഇക്കരെക്കടക്കുന്നതാണ് ചടങ്ങ്.
ഇനി അടുത്ത വര്‍ഷത്തെ ഭണ്ഡാരം എഴുന്നള്ളത്തുവരെ സ്ത്രീകള്‍ക്ക് അക്കരെ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല.
മുഴക്കുന്ന് നല്ലൂരില്‍ നിന്നുമാണ് കലം പൂജയ്ക്കാവശ്യമായ കലം നല്ലൂരാന് സ്ഥാനികന്റെ നേതൃത്വത്തില്‍ അക്കരെ ക്ഷേത്രത്തിലെത്തിക്കുക.
നല്ലൂരാന് സ്ഥാനികനെ കൂടാതെ മൂന്ന് നല്ലൂരാന്മാരും 12 കലവാഹകരും മുഴക്കുന്ന് നല്ലൂരില്‍ നിന്നും കലം പൂജയ്ക്കാവശ്യമായ 156 കലം പനയോലയില്‍ പൊതിഞ്ഞ് കെട്ടുകളാക്കി ബുധനാഴ്ച പകല്‍ പന്ത്രണ്ടോടെ പുറപ്പെട്ട് കാല്‍നടയായാണ് അക്കരെ ക്ഷേത്രത്തില്‍ എത്തിക്കാറ്. രാത്രിയോടെ കലംപൂജ ആരംഭിക്കും.
ഗൂഢപൂജയായതിനാല് കലംപൂജ കഴിയുന്നതുവരെ രാത്രിയില്‍ അക്കരെ ക്ഷേത്രത്തിലേക്ക് ആര്‍ക്കും പ്രവേശനമില്ല.