മയ്യിൽ :- വീട് വെക്കാൻ ഒരുതുണ്ട് ഭൂമിയില്ലാതെ വർഷങ്ങളായി വാടകവീട്ടിൽ കഴിഞ്ഞ നിർധന കുടുംബത്തിന് വീടെന്ന സ്വപ്നം സഫലമായി.
പുഴാതി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ഫല ഫെസ്മിനും പുഴാതി നോർത്ത് യു.പി. സ്കൂൾ വിദ്യാർഥി ടി.കെ.മുഹമ്മദ് സിനാനുമാണ് മയ്യിൽ മുല്ലക്കൊടിയിൽ അടച്ചുറപ്പുള്ള വീട് യാഥാർഥ്യമായത്.
ക്ലാസ് മുറിയിൽനിന്ന് വിദ്യാർഥികളുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ ഗണിതാധ്യാപകനായ ഒറപ്പടി 'സബർമതി'യിലെ കെ.സി.രാജൻ മാസ്റ്ററാണ് നാല് വിദ്യാർഥികൾക്ക് 'സ്നേഹസ്പർശം' എന്നപേരിൽ വീടുവെക്കാനുള്ള സ്ഥലം സൗജന്യമായി പ്രമാണത്തിലെഴുതി നൽകിയത്.
തുടർന്ന് ജമാ അത്തെ ഇസ്‌ലാമി പുഴാതി മേഖലാ കമ്മിറ്റി, റഹ്‌മാനിയ പള്ളി കമ്മിറ്റി, ജി.സി.സി. പുഴാതി കൂട്ടായ്മ, യു.കെ.എം.കെ. പ്രതിനിധി ഇസ്മയിൽ, പുഴാതി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാർ തുടങ്ങി ഒട്ടേറെപ്പേരാണ് വിദ്യാർഥികളുടെ പ്രയാസം തിരിച്ചറിഞ്ഞ് വീട് നിർമാണം ത്വരപ്പെടുത്തിയത്.
നാല് വിദ്യാർഥികൾക്കും വീട് നിർമിക്കുന്നതിനുള്ള സ്ഥലത്തിന്റെ പ്രമാണം കൈമാറിയത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ നാല് വിദ്യാർഥികൾക്കും ഓരോലക്ഷം രൂപ വിതവും നൽകിയിരുന്നു. ഗൃഹപ്രവേശനം ഇന്ന് നടന്നു.
പുഴാതി ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായിരുന്ന കെ.സി.രാജൻ മാസ്റ്റർ സൗജന്യമായി നൽകിയ സ്ഥലത്ത് അദ്ദേഹത്തിന്റെ മേൽ നോട്ടത്തിൽ ജമാഅത്തെ ഇസ്‌ലാമി പുഴാതി മേഖല മുൻ കൈ എടുത്ത് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ജമാഅത്തെ ഇസ്‌ലാമി മേഖല നാസിം യു.പി. സിദ്ദീഖ് മാസ്റ്റർ നിർവ്വഹിച്ചു.
ചടങ്ങിൽ ശ്രീ. രാജൻ മാസ്റ്റർ, ജമാഅത്തെ ഇസ്‌ലാമി പുഴാതി മേഖല പ്രസിഡണ്ട് എം.ഇബ്രാഹിം കുട്ടി, വെൽഫെയർ പാർട്ടി അഴീക്കോട് മണ്ഡലം ട്രഷറർ സി.പി. മുസ്തഫ, പുഴാതി മേഖല പ്രസിഡണ്ട് ടി. അസീർ , മേഖലാ കമ്മറ്റി അംഗം സി.പി. ശിഹാബ് , പുഴാതി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ് മാസ്റ്റർ പി.മുഹമ്മദലി, മുല്ലക്കൊടി കോളണി റസിഡൻസ് അസോസിയേഷൻ സി ക്ര ട്ടറി ഒ. സുമേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.