
കാട്ടാമ്പള്ളി നീർത്തടത്തിന്റെ കുന്നുംകൈയിൽനിന്നുള്ള ദൃശ്യം
കണ്ണൂർ: പ്രകൃതി മനോഹരവും ഏറെ പാരിസ്ഥിതികപ്രാധാന്യവുമുള്ള കാട്ടാമ്പള്ളി നീർത്തടം കേന്ദ്രീകരിച്ചുള്ള സമഗ്ര പുഴയോര ടൂറിസംവികസനപദ്ധതിക്ക് വിനോദ സഞ്ചാര വകുപ്പ് രൂപരേഖ തയ്യാറാക്കുന്നു. കാട്ടാമ്പള്ളി മുതൽ മുണ്ടേരിക്കടവ് വരെയുള്ള പുഴ കേന്ദ്രീകരിച്ചുള്ളതാണ് പദ്ധതി.
പക്ഷികളുടെയും ജലജീവികളുടെയും ആവാസ വ്യവസ്ഥക്ക് പോറലേൽപ്പിക്കാതെയുള്ള പദ്ധതിയാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് സമർപ്പിച്ചതെന്ന് കെ.വി.സുമേഷ്, എം.എൽ.എ. പറഞ്ഞു. പുഴയോരത്ത് താമസിക്കുന്നവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. മത്‌സ്യം പിടിക്കുന്നവരുടെ കൂടെ വള്ളങ്ങളിൽ പോയി താത്‌പര്യമുള്ളവർക്ക് മീൻ പിടിക്കാനും ഹൗസ് ബോട്ടുകളിൽ ഈ പ്രദേശങ്ങൾ ചുറ്റിക്കാണാനും സൗകര്യം ഒരുക്കണം. സഞ്ചാരികൾക്ക് ഭക്ഷണമൊരുക്കാൻ പ്രദേശത്തുകാർക്ക് തന്നെ അവസരം കിട്ടണം. നാട്ടുകാരുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ സാധിക്കണം.
നീർത്തടത്തിലോ തീരങ്ങളിലോ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കില്ല. ചില പ്രദേശങ്ങളിൽ മണ്ണിട്ട് നികത്തുന്നതിനെതിരേ നടപടി സ്വീകരിക്കും. നാറാത്ത്, കുറ്റ്യാട്ടൂർ, ചേലോറ, ചിറക്കൽ, കൊളച്ചേരി, മുണ്ടേരി പഞ്ചായത്തുകളും കണ്ണൂർ കോർപ്പറേഷന്റെ ഭാഗങ്ങളും ഉൾപ്പെട്ട 7.5ച.കി.മീ. വിസ്തൃതിയുള്ള കാട്ടാമ്പള്ളി തണ്ണീർത്തടം ഏറെ ജൈവവൈവിധ്യങ്ങൾ നിറഞ്ഞതാണ്.
പക്ഷിസങ്കേതമായി പ്രഖ്യാപിച്ച മുണ്ടേരിക്കടവാണ് ഈ പ്രദേശത്തിന്റെ മുഖ്യ ആകർഷണം. ദേശാടനക്കിളികൾ ഉൾപ്പെടെ 104 ഇനം പക്ഷികൾ ഇവിടെ എത്താറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ, ഈ തീരത്ത് 60 ഇനം സസ്യങ്ങളും പുഴയിൽ 43 ഇനം മൽസ്യങ്ങളുമുണ്ട്.
കൈപ്പാട് പ്രദേശത്ത് 11 ഇനം നെല്ലും വിളയിക്കുന്നുണ്ട്. ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് വനം വകുപ്പ് പഠനം നടത്തിയിരുന്നു. കാട്ടാമ്പള്ളി തണ്ണീർത്തടത്തെ ‘റംസർസൈറ്റാ’യി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുൻ രാജ്യസഭാംഗം കെ.കെ.രാഗേഷ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചിരുന്നു. റംസർ സൈറ്റായി പ്രഖ്യാപിച്ചാൽ ഈ പ്രദേശത്തിന്റെ സംരക്ഷണം ‘യുനെസ്കോ’ ഏറ്റെടുക്കും.