സ്വകാര്യബസുകള്‍ കെ.എസ്.ആര്‍.ടി.സി വാടകയ്ക്കെടുക്കാന്‍ ആലോചിക്കുന്നതായി ഗതാഗത മന്ത്രി ; സഹകരിക്കുമെന്ന് ഭൂരിഭാഗം ബസ് ഉടമകള്‍


തിരുവനന്തപുരം :-
പലനിറങ്ങളില്‍ നിരത്തുകള്‍ കയ്യടക്കി ഓടിയിരുന്ന സ്വകാര്യബസുകള്‍ ഇനി ആനവണ്ടികളായി കേരളത്തില്‍ വിലസിയേക്കാം. സ്വകാര്യബസുകള്‍ കെ.എസ്.ആര്‍.ടി.സി ദിവസ വാടകയ്ക്കെടുക്കാന്‍ ആലോചന. ടിക്കറ്റ് ചാര്‍ജും ഡെയിലി കലക്ഷനും കെ.എസ്.ആര്‍.ടി.സി എടുത്ത ശേഷം ബസ് വാടക ഉടമകള്‍ക്ക് നല്‍കുന്ന രീതിയിലേക്കാണ് ആലോചനയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറയുന്നു.

കൊവിഡ് കാലാവസ്ഥയില്‍ കേരളത്തിലെ സ്വകാര്യ ബസ് വ്യവസായത്തെ നില നിര്‍ത്താന്‍ എന്തുചെയ്യാനാവും എന്നഘട്ടത്തിലാണ് ഗതാഗത മന്ത്രി ഇങ്ങനെ ഒരു കാഴ്ചപ്പാടിലേക്ക് എത്തിയിട്ടുള്ളത്.

കെ.എസ് ആര്‍ റ്റി.സി ബസുകളുടെ ഇരട്ടിയിലധികം സ്വകാര്യബസുകള്‍ കേരളത്തിലുണ്ട്. അതുമൂലം ജീവിക്കുന്ന പതിനായിരക്കണക്കിനാളുകളുമുണ്ട്. അവരുടെ സ്ഥിതി വളരെ ദയനീയമാണ്. ഈ അവസരത്തിലാണ് ഇത്തരമൊരു ആലോചനയെന്നും മന്ത്രി പറഞ്ഞു.

ബസുടമകള്‍ ഈ കാര്യത്തില്‍ അനുകൂലമാണെങ്കില്‍ വലിയ തുക മുടക്കി കോര്‍പറേഷന്‍ ബസുകള്‍ വാങ്ങില്ല. കാരണം മെയിന്റനന്‍സ് നോക്കേണ്ട കാര്യമില്ല. ഉടന്‍തന്നെ റിപ്പയറിംഗ് നടക്കും. ഇന്‍ഷുറന്‍സ് ടാക്സ് എന്നിവ കെ.എസ്.ആര്‍.റ്റി.സി അടയ്ക്കേണ്ട കാര്യമില്ല. ഡെയ്ലി കളക്ഷനില്‍ നിന്നും വാടക നല്‍കാം. അതുകൊണ്ട് തന്നെ വാടക കിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന ഭയം വേണ്ടെന്നും മന്ത്രി പറയുന്നു. എന്തായാലും സംഭവം നടന്നാല്‍ കേരളത്തിലെ വാഹനാപകടം പകുതി കുറയുമെന്ന കാര്യം ഉറപ്പ്. കാരണം സ്വകാര്യ ബസുകളുടെ മത്സരയോട്ടം ഇതോടെ അവസാനിക്കും.

ഇത്തരമൊരു നീക്കമുണ്ടായാല്‍ അതിനോട് യോജിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ബസുകള്‍ ഓടാതിരുന്നിട്ട് കാലമേറെയായി. വണ്ടികള്‍ ഓടാതിരുന്ന് മെയിന്റനന്‍സ് കൂടുകയാണ്. നാല്‍പതോളം തൊഴിലാളികളുണ്ട്. ജീവനക്കാര്‍ക്ക് ചെലവിന് കൊടുക്കാനാവാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ കൃത്യമായ വാടക ലഭിച്ചാല്‍ വാഹനം വിട്ടുനല്‍കാന്‍ തയാറാണ്.


Previous Post Next Post