കൊളച്ചേരി :- കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലേക്കുള്ള പൊതു വഴി വെള്ളം കെട്ടി നിന്ന് ചെളി നിറഞ്ഞ് കാൽ നട യാത്ര പോലും ദുസ്സഹമായിരിക്കുന്നു. മഴ തുടങ്ങിയതോടെ ക്ഷേത്രത്തിലേക്കുള്ള റോഡ് തീർത്തും ഗതാഗത യോഗ്യമല്ലാതെ ചെളിക്കുളമായിരിക്കുകയാണ്.
ക്ഷേത്രത്തിലേക്കും സമീപത്തുള്ള നിരവധി വീടിലേക്കും എത്തിച്ചേരാൻ ഉള്ള ഈ വഴിയിൽ ചെളിയും വെള്ളവും കെട്ടി നിന്നതോടെ നിരവധി പേരാണ് യാത്രാ ദുരിതത്തിലായിരിക്കുന്നത്.
സ്വാഭാവികമായി മഴവെള്ളം ഒഴുകി പോവുന്ന തോട് സ്വകാര്യ വ്യക്തി മണ്ണിട്ട് ഉയർത്തിയതാണ് ഈ റോഡിൻ്റെ ഇന്നത്തെ ഈ ദുരവസ്ഥയ്ക്ക് കാരണം.ഇത് പൊളിച്ചു കളയാൻ പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടിട്ടും ഇത് വരെ പൊളിക്കാൻ തയ്യാറാവാത്തതാണ് റോഡ് ഇങ്ങനെ നശിക്കാൻ കാരണം.
ക്ഷേത്ര ജീവനക്കാർക്കും പൂജാരിക്കും ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിക്കാത്ത സ്ഥിതിയാണ്. വളരെ ബുദ്ധിമുട്ടിയാണ് അവർ ക്ഷേത്ര ചടങ്ങുകൾ നിർവ്വഹിക്കാൻ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.