മുന്‍ഗണനാ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി. ഈ മാസം 30നകം പൊതുവിഭാഗത്തിലേക്ക് മാറ്റിയില്ലെങ്കില്‍ വന്‍ പിഴ ഈടാക്കും.
അനര്‍ഹമായി വാങ്ങിയ ഓരോ കിലോഗ്രാം അരിക്കും 40 രൂപ പിഴയിനത്തില്‍ നല്‍കേണ്ടിവരും. ഗോതമ്പിന് കിലോഗ്രാമിന് 29 രൂപയും പഞ്ചസാരയ്ക്ക് 35 രൂപയും മണ്ണെണ്ണ ലീറ്ററിനു 71 രൂപയും പിഴയായി ഈടാക്കും.
അതും ഏത് ദിവസം മുതലാണോ അനര്‍ഹമായി ഭക്ഷ്യധാന്യം വാങ്ങുന്നതെന്ന് കണ്ടെത്തി അന്നുമുതലുള്ള തുകയായിരിക്കും ഈടാക്കുക. നിലവില്‍ അനര്‍ഹരായവര്‍ പൊതുവിഭാഗത്തിലേക്കു മാറ്റി പിഴയില്‍ നിന്ന് രക്ഷപ്പെടാം.
ഇതിനായി അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് അപേക്ഷകര്‍ റേഷന്‍ കാര്‍ഡിന്റെ പേജ് സ്കാന്‍ ചെയ്ത് ഇ-മെയില്‍ ചെയ്യാം.
അല്ലെങ്കില്‍ താലൂക്ക് ഓഫീസിലോ റേഷന്‍ കടയുടമയെയോ സമീപിച്ചും കാര്‍ഡുകള്‍ തരം മാറ്റാം. റേഷന്‍ കാര്‍ഡ് ഉടമയ്ക്കോ അതിലെ അംഗങ്ങള്‍ക്കോ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജോലി, പെന്‍ഷന്‍. (പട്ടിക വര്‍ഗ്ഗക്കാരായ ക്ലാസ് 4 ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട് ) എന്നിവയുണ്ടെങ്കില്‍ മുന്‍ഗണനാ വിഭാഗത്തിന് അര്‍ഹതയില്ല.
കൂടാതെ ബാങ്ക് ജീവനക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, സൈനികര്‍, നാലുചക്ര വാഹനം സ്വന്തമായി (ടാക്സി ഒഴികെ) ഉള്ളവര്‍, ആദായ നികുതി നല്‍കുന്നവര്‍, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍ക്കും മുന്‍ഗണനാകാര്‍ഡ് കയ്യില്‍വെക്കാനാവില്ല.
കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം ചേര്‍ന്ന് ഒരേക്കറില്‍ കൂടുതല്‍ സ്ഥലമുള്ളവര്‍, വാര്‍ഷിക വരുമാനം 25,000 രൂപയില്‍ കൂടുതലുള്ളവര്‍ക്കും അര്‍ഹതയുണ്ടാവില്ല