മുണ്ടേരിയിൽ വിത്തിടീൽ കാർഷികോത്സവമായി

 

മുണ്ടേരി: ഒരുപിടി വിത്തും ഒരുപറ നെല്ലും എന്ന മുണ്ടേരി ഗ്രാമപഞ്ചായത്തിന്റെ തനത് പദ്ധതി മുണ്ടേരിയിലെ 20 വാർഡുകളിലും കാർഷികോത്സവമാക്കി മാറ്റി. 6000 കുടുംബങ്ങളാണ് ആദ്യഘട്ടത്തിൽ പങ്കാളികളായത്.

കോവിഡ് കാലഘട്ടത്തിലെ അതിജീവനത്തിനായി എല്ലാവരും പദ്ധതിയെ ഏറ്റെടുത്തു. വിവിധ കേന്ദ്രങ്ങളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പദ്ധതിയുടെ നടീൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി.കെ പ്രമീള, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ എ. അനിഷ, വൈസ് പ്രസിഡന്റ്‌ എ. പങ്കജാക്ഷൻ, സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻമാരായ സി.എച്ച്. അബ്ദുൾനസീർ, കെ. ഗീത, സി. ലത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ. ബിന്ദു, കെ. മുംതാസ് എന്നിവർ നിർവഹിച്ചു.

പതിനഞ്ചാം വാർഡിലെ നല്ലാഞ്ചിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പതിന് മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. വിത്ത് വിതയ്ക്ക് നേതൃത്വം നൽകും. 50 വീടുകൾക്കും ഒരോ ക്ലസ്റ്റർ രൂപവത്‌കരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കൃഷി ഓഫീസർ ടി. കൃഷ്ണപ്രസാദ് പറഞ്ഞു.

ജൂൺ 21 ഞാറ്റുവേലവരെ കുടുംബക്കൃഷി പദ്ധതിയിൽ പരമാവധി ഹരിതചമയങ്ങൾ ഒരോ വീട്ടുപരിസരത്തും പൊതു ഇടങ്ങളിലും വെച്ചുപിടിപ്പിക്കും. പ്രാദേശിക തൈകളുടെ കൈമാറ്റവും നടക്കും. ഒപ്പം ഒരോ വീട്ടിലും പച്ചക്കറിനടീലും നടക്കും. തുടർച്ചയായ കാർഷിക പരിചരണത്തോടെ പദ്ധതി വിജയിപ്പിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ എ. അനിഷ പറഞ്ഞു.



Previous Post Next Post