Online പഠനത്തിലെ പ്രധാന വെല്ലുവിളി നെറ്റ്‌വർക്ക് കവറേജ് ; പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന് ഓൺലൈൻ അദാലത്തിന് ശേഷം ജില്ലാ കലക്ടർ


കണ്ണൂർ :-  
വിദ്യാർഥികൾ നേരിടുന്ന പ്രധാന വെല്ലുവിളിയായ നെറ്റ്‌വർക്ക് കവറേജ് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് കളക്ടർ ടി.വി.സുഭാഷ് അറിയിച്ചു. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സംഘടിപ്പിച്ച ഓൺലൈൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാ മൊബൈൽ, ഇന്റർനെറ്റ് സേവനദാതാക്കളുടെയും സഹകരണത്തോടെ പുതിയ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ജൂൺ ഏഴിന് ടെലികോം പ്രതിനിധികളുടെ പ്രത്യേക യോഗം ചേരുമെന്നും കളക്ടർ അറിയിച്ചു. അദാലത്തിൽ പങ്കെടുത്ത വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യങ്ങൾക്ക് മറുപടിയായാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാന പ്രശ്നം കവറേജില്ല എന്നത്

നെറ്റ് വർക്ക് കവറേജ് ലഭ്യമല്ല എന്നതായിരുന്നു അദാലത്തിൽ പങ്കെടുത്ത കൂടുതൽ പേരും ചൂണ്ടിക്കാട്ടിയ പ്രധാന പ്രശ്നം. ഇരിക്കൂർ, പേരാവൂർ, തളിപ്പറമ്പ് നിയോജകമണ്ഡലങ്ങളിലെ ഉൾപ്രദേശങ്ങളിലും മലയോരമേഖലകളിലുമാണ് കൂടുതലായും നെറ്റ്‌വർക്ക് ലഭിക്കാത്ത പ്രശ്നങ്ങൾ.

മറ്റിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഡേറ്റ കണക്‌ഷൻ ഇല്ലാത്ത പ്രശ്നം ഉന്നയിച്ചു റീചാർജുകൾ ചെലവേറിയതാണെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്നും അദാലത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. സ്മാർട്ട് ഫോൺ, ടി.വി. തുടങ്ങിയ പഠനോപകരണങ്ങൾ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങുന്ന പ്രശ്നവും രക്ഷിതാക്കൾ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.

ലൈവ് ടെലിഫോൺ പരിപാടിയായാണ് അദാലത്ത് സംഘടിപ്പിച്ചത്. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ സി.മനോജ് കുമാർ, ബി.എസ്.എൻ.എൽ. ഡെപ്യൂട്ടി ജന. മാനേജർ എസ്.വേണുഗോപാൽ, വിവിധ മൊബൈൽ സേവനദാതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post