കണ്ണൂർ :- "ഒരു കയ്യിൽ പാലും മറു കയ്യിൽ പച്ചക്കറിയും' പദ്ധതിയുമായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പാൽ, മുട്ട, പഴം, പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തമാകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണിത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കൊളച്ചേരി, ചെമ്പിലോട്, പെരളശ്ശേരി, കടമ്പൂർ, മുണ്ടേരി പഞ്ചായത്തുകളിലാണു നടപ്പാക്കുക.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വനിതകളായ ക്ഷീര കർഷകരാണ് ഉപഭോക്താക്കൾ. അടുത്ത 5 വർഷം കൊണ്ട് ബ്ലോക്കിലെ മുഴുവൻ ക്ഷീര കർഷകരെയും പദ്ധതിയിൽ അംഗങ്ങളാക്കും.
ഒരു ക്ഷീര കർഷകന് ഒരു സങ്കരയിനം പശു, 10 കോഴി, അതിനുള്ള ഭൗതിക സഹായങ്ങൾ, 10 സെന്റ് സ്ഥലത്തേക്ക് ആവശ്യമായ പച്ചക്കറി വിത്തുകളും തൈകളും എന്നിവ നൽകും. ഓരോ ഗുണഭോക്താവിനും 44000 രൂപ പലിശ രഹിത ധനസ ഹായവും ആവശ്യമായ ബാങ്ക് വായ്പയും തരപ്പെടുത്തി നൽ കും. അടുത്ത മാസം പദ്ധതി ആരംഭിക്കും. എല്ലാ ഉൽപന്നങ്ങളും പ്രവർത്തന പരിധിയിലെ ക്ഷീര സംഘങ്ങളിൽ നിന്നു വിപണനം ചെയ്യും.
ക്ഷീര സഹകരണ സംഘങ്ങളെ മൾട്ടി മാർക്കറ്റിങ് സെന്ററുകളാക്കി മാറ്റുക എന്ന ലക്ഷ്യം കൂടിയുണ്ട്. ഇതോടൊപ്പം തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് കർഷകർക്ക് കാലിത്തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട്, കംപോസ്റ്റ് പിറ്റ്, ചാണക കുഴി, മലിനജല ടാങ്ക്, ശീമക്കൊന്ന ജൈവവേലി എന്നിവ സൗജന്യമായി നിർമിക്കും.