ആന്തൂർ നഗരസഭ വീണ്ടും ട്രിപ്പിൾ ലോക്‌ഡൗണിൽ

നിയന്ത്രണം കടുപ്പിക്കുന്നു;  ബുധനാഴ്ച 49 പേർക്ക് പോസിറ്റീവ്


ധർമശാല :- 
ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷം ആന്തൂർ നഗരസഭ വീണ്ടും ട്രിപ്പിൾ ലോക്‌ഡൗണിലേക്ക്. ടി.പി.ആർ. 17 ശതമാനത്തിന് മുകളിലെത്തി 'ഡി' കാറ്റഗറിയിലായതോടെ നഗരസഭാ പരിധിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ അധികൃതർ തീരുമാനിച്ചു. നഗരസഭയുടെ ചില ഭാഗങ്ങളിൽ രോഗവ്യാപന തീവ്രത ആശങ്ക ഉയർത്തിയിട്ടുണ്ട്. ബുധനാഴ്ച നഗരസഭയിൽ ഒരു ആരോഗ്യപ്രവർത്തകയടക്കം 49 പേർക്കാണ് കോവിഡ് പോസിറ്റീവ് രേഖപ്പെടുത്തിയത്.

ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവ എല്ലാദിവസവും പകുതി ജീവനക്കാരെ ഉൾപ്പെടുത്തി കോവിഡ് മാനദണ്ഡം പാലിച്ച് രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കാം. ഹോട്ടലുകളിൽ ടേയ്ക്ക് എവേ/പാർസൽ സർവീസ് മാത്രം അനുവദിക്കും. ബാങ്കുകൾ വെള്ളി, തിങ്കൾ, ബുധൻ എന്നീ ദിവസങ്ങളിൽ അത്യാവശ്യം ജീവനക്കാരെ ഉൾപ്പെടുത്തി തുറക്കാം. ഇടപാടുകൾക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കരുത്.

ഓട്ടോ-ടാക്സികൾ എന്നിവ സ്റ്റാൻഡിൽ പാർക്ക് ചെയ്ത് ആളുകളെ കയറ്റരുത്. ശനി, ഞായർ ദിവസങ്ങളിൽ സർക്കാർ ഉത്തരവുപ്രകാരം അവശ്യസേവന സർവീസ് മാത്രമേ അനുവദിക്കൂ. നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാധികൃതർ അറിയിച്ചു. നിയന്ത്രണങ്ങൾ 28 വരെ ബാധകമായിരിക്കും.

കല്യാശ്ശേരിയും പാപ്പിനിശ്ശേരിയും'സി' കാറ്റഗറിയിൽ

കല്യാശ്ശേരി: ടി.പി.ആർ. ഉയർന്നതിനെത്തുടർന്ന് ട്രിപ്പിൾ ലോക്‌ഡൗണിലായ കല്യാശ്ശേരിയിലും പാപ്പിനിശ്ശേരിയിലും രോഗ വ്യാപന നിരക്ക് കുറഞ്ഞതോടെ 'സി' കാറ്റഗറിയിലേക്ക്. കല്യാശ്ശേരിയിൽ 14 ശതമാനവും പാപ്പിനിശ്ശേരിയിൽ 13 ശതമാനവുമാണ് പുതിയ ടി.പി.ആർ.

പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വ്യാഴാഴ്ച രണ്ടുമുതൽ നാലുവരെ സമൂഹ ആർ.ടി.പി.സി.ആർ. പരിശോധന നടത്തും.

തളിപ്പറമ്പ് നഗരസഭയിൽ നിയന്ത്രണം

തളിപ്പറമ്പ്: നഗരസഭ കോവിഡ് വ്യാപത്തിൽ 'സി' കാറ്റഗറിയിലാണ്. വ്യാഴാഴ്ചമുതൽ ബാധകമാക്കിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും: എല്ലാ പൊതുകാര്യാലയങ്ങൾ (പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്പനികൾ, കമ്മിഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ) എന്നിവ പരമാവധി 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് തുറന്നുപ്രവർത്തിക്കാം.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും രാവിലെ ഏഴുമുതൽ രാത്രി എട്ടുമണിവരെ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം.

നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, കാർഷികാവശ്യത്തിന് അസംസ്കൃതവസ്തുക്കൾ വിൽക്കുന്ന കടകൾ, വാഹനങ്ങൾ ഉൾപ്പെടെയുള്ള അവശ്യസേവനങ്ങളുടെ റിപ്പയറുകൾ നടത്തുന്ന സ്ഥാപനങ്ങൾ എന്നിവ ശനി, ഞായർ ദിവസങ്ങളിൽ ഒഴികെ എല്ലാ ദിവസവും രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കാം.

ബാങ്കുകൾക്ക് ശനി, ഞായർ ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാം.

വിവാഹ ആവശ്യങ്ങൾക്കായി തുണിക്കടകൾ, സ്വർണക്കടകൾ, ചെരിപ്പുകടകൾ, കുട്ടികൾക്കുള്ള ബുക്കുകൾ വിൽക്കുന്ന കടകൾ എന്നിവ വെള്ളിയാഴ്ച മാത്രം രാവിലെ ഏഴുമുതൽ രാത്രിവരെ തുറന്ന് പ്രവർത്തിക്കാം.


ഭക്ഷണവിതരണശാലകളിൽ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ പാഴ്സലായി ഭക്ഷണവിതരണം നടത്താമെന്നും ചെയർപേഴ്സൺ അറിയിച്ചു.

Previous Post Next Post