പഴയങ്ങാടി :- ഉല്ലാസത്തിനും മറ്റുമായി മാടായിപ്പാറയിലെത്തുന്നവരുടെ വാഹനങ്ങൾ പാരിസ്ഥിതികപ്രാധാന്യമുള്ള മാടായിപ്പാറയെ നശിപ്പിക്കുന്നു.
മാടായിപ്പാറയിലെത്തുന്നവരിൽ ചിലർ ഒരു നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും പുൽമേട്ടിലൂടെ വാഹനങ്ങൾ ഓടിക്കുകയാണ്. ഇത് ജൈവസമ്പത്തിന് നാശമുണ്ടാക്കുന്നു.
പാറയിൽ മുളച്ചുവരുന്ന കാക്കപ്പൂ, മറ്റ് ചെടികൾ, ചൂത്, ഇരപിടിയൻസസ്യം എന്ന പേരിലറിയപ്പെടുന്ന ഡ്രോസിറ ഇൻഡിക്ക പോലുള്ള സസ്യങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായി മാറി. കുറേവർഷങ്ങളായി കാക്കപ്പൂവും ചൂതും ആശങ്കാജനകമായി കുറയുകയാണ്. മനുഷ്യരുടെ അനിയന്ത്രിതമായ ഇടപെടൽ, വാഹനം ഓടിക്കൽ, മാലിന്യംതള്ളൽ, മദ്യക്കുപ്പികൾ വലിച്ചെറിയൽ എന്നിവയും ഇതിന് പ്രധാന കാരണമാണ്.
തിത്തിരി, വേലിത്തത്ത എന്നീ പക്ഷികളുടെ പ്രജനനം ക്രമാതീതമായി കുറയുന്നുമുണ്ട്. മാടായിപ്പാറയിൽ പ്രധാനമായും കണ്ടുവരുന്ന മഞ്ഞക്കണ്ണി, തിത്തിരി, ചൊങ്കണ്ണി തിത്തിരി എന്നിങ്ങനെയുള്ള തിത്തിരിപ്പുള്ളുകൾ പാറപ്പുറത്ത് കല്ലുകൂട്ടി മുട്ടയിടുകയാണ് പതിവ്. കാൽനടയാത്രക്കാരുടെ ശ്രദ്ധയിൽപ്പോലും ഇത് പെടാറില്ല.
ഈ സമയം പാറയിൽക്കൂടി വാഹനങ്ങൾ തലങ്ങുംവിലങ്ങും ഓടിക്കുന്നത് ഇവയുടെ വംശനാശത്തിനുതന്നെ ഭീഷണിയാകുന്നുണ്ട്.
സന്ദർശത്തിനെത്തുന്നവർ നടത്തുന്ന കൈയേറ്റം തടയാൻ പോലീസ് മുന്നറിയിപ്പ് ബോർഡുകൾ പാറയുടെ പലഭാഗത്തും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന് പുല്ലുവിലപോലും കല്പിക്കുന്നില്ല.