പറശ്ശിനിക്കടവ് :- വാഹനം കയറി തല തകർന്നതിനാൽ പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന പെരുമ്പാമ്പിനെ ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്ന് സർപ്പദിനമായ വെള്ളിയാഴ്ച ആറളം വന്യജീവിസങ്കേതത്തിൽ തുറന്നുവിടും.
ഒൻപതുമാസത്തെ ചികിത്സയിലൂടെയാണ് പാമ്പ് ആരോഗ്യം വീണ്ടെടുത്തത്. വന്യജീവി സംരക്ഷകരുടെ കൂട്ടായ്മയായ മലബാർ അവയർനെസ് ആൻഡ് റെസ്‌ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് (മാർക്ക്) പ്രവർത്തകരുടെ ശുശ്രൂഷയിൽ പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രത്തിലായിരുന്നു പാമ്പ് ഇതുവരെ.
കണ്ണൂർ മൃഗാസ്പത്രിയിലെ സീനിയർ സർജൻ ഡോ. ഷെറിൻ പി. സാരംഗാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. അന്തിമ പരിശോധനയ്ക്കും എക്സ്‌റേ എടുക്കാനുമായി വ്യാഴാഴ്ച പാമ്പിനെ ആസ്പത്രിയിൽ കൊണ്ടുവന്നിരുന്നു.
വിവരമറിഞ്ഞ വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഇതിനെ കാണാൻ താത്‌പര്യം പ്രകടിപ്പിച്ചതിനെതുടർന്ന് ഉദ്യോഗസ്ഥർ ഗസ്റ്റ് ഹൗസിൽ എത്തിച്ചു.
ഡി.എഫ്.ഒ. പി. കാർത്തിക്, ആറളം വന്യജീവിസങ്കേതം വാർഡൻ സജ്‌ന കരീം, തളിപ്പറമ്പ് റെയ്‌ഞ്ച് ഓഫീസർ രതീശൻ, ‘മാർക്ക്’ പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഒക്ടോബർ 21-ന് രാത്രി ദേശീയപാതയിൽ താഴെചൊവ്വയ്ക്ക് സമീപം വാഹനം കയറി തലചതഞ്ഞ നിലയിലായിരുന്നു പാമ്പ്.
വിവരമറിഞ്ഞ മാർക്ക് പ്രവർത്തകൻ രഞ്ജിത് നാരായണൻ വനംവകുപ്പിനെ വിവമറിയിച്ചശേഷം വീട്ടിലേക്ക് കൊണ്ടുവന്ന് ശുശ്രൂഷിച്ച് പിറ്റേന്ന് രാവിലെ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. രഞ്ജിത് നാരായണനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.