കണ്ണൂർ:-സ്ത്രീധനസമ്പ്രദായത്തിനെതിരേ സ്ത്രീസുരക്ഷയ്ക്ക് പ്രാമുഖ്യം നൽകി ശക്തമായ ചുവടുവെപ്പുമായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത്. ‘മാനുഷികമൂല്യങ്ങൾ കുടുംബാന്തരീക്ഷത്തിലൂടെ വീണ്ടെടുക്കുക’ എന്ന ലക്ഷ്യവുമായാണ് ബ്ലോക്ക് പഞ്ചായത്ത് ‘സ്വാഭിമാൻ’ എന്ന പേരിൽ പദ്ധതി ആസൂത്രണംചെയ്തത്.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലെ വിവാഹപ്രായമെത്തിയവർ, വിവാഹിതർ, രണ്ടുവയസ്സുവരെയുള്ള കുട്ടികളുടെ രക്ഷിതാക്കൾ എന്നിവർക്ക് വിവിധ ക്ലാസുകളിലൂടെ ബോധവത്കരണം നടത്തുന്ന പദ്ധതിയാണിത്.
ഇത്തരം സാമൂഹികവിഷയങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് എങ്ങനെ ഇടപെടാൻ കഴിയും എന്നതിനുള്ള ഉദാഹരണം കൂടിയാണ് ഈ ഉദ്യമം. കോവിഡ് നിയന്ത്രണങ്ങൾ അനുകൂലമാവുന്ന മുറയ്ക്ക് പദ്ധതി തുടങ്ങാനാണ് തീരുമാനം.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസമിതി മുൻകൈയെടുത്താണ് ഈ നൂതനപദ്ധതി നടപ്പാക്കുന്നത്. കൊളച്ചേരി, മുണ്ടേരി, ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് എടക്കാട് ബ്ലോക്ക് പഞ്ചായത്ത്. ഓരോ പഞ്ചായത്തിനും ഒരു ലക്ഷം രൂപ പ്രകാരം അഞ്ചുലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.
മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കുക, ശിശുവികസനമേഖലകൾ കൂടുതൽ ശക്തിപ്പെടുത്തുക, മാനുഷികമൂല്യങ്ങൾ കുടുംബാന്തരീക്ഷത്തിലൂടെ പുനഃസൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്തുകളെ ക്ലസ്റ്ററുകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതിപ്രകാരം ഓരോ പഞ്ചായത്തിലുമുള്ളവർക്ക് വർഷത്തിൽ നാലുവീതം ക്ലാസുകൾ ലഭിക്കും.
ഗൈനക്കോളജിസ്റ്റ്, ശിശുരോഗവിദഗ്ധൻ, അഭിഭാഷകൻ, സ്ത്രീസുരക്ഷാ ഓഫീസർ, സോഷ്യോളജിസ്റ്റ്, വ്യക്തിത്വവികസന-ആധ്യാത്മികരംഗങ്ങളിലെ വിദഗ്‌ധർ എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുക.